ദുബായ്: വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍ ഇന്ന് വൈകുന്നേരം മുതല്‍ ലഭ്യമാവും. യുഎഇ സമയം വൈകുന്നേരം നാല് മണി മുതല്‍ യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റെടുക്കാം. നാട്ടിലേക്ക് മടങ്ങാനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടിക്കറ്റുകളെടുക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റെടുക്കാം. വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യുഎഇയില്‍ നിന്ന് 105 സര്‍വീസുകളുണ്ടാകുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവില്‍ ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും 74 വിമാനങ്ങളുണ്ടാകുമെന്ന് ദുബായ് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. അബുദാബിയില്‍ നിന്ന് 31 വിമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.