ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു.

വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും.

എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്തു, അതേസമയം മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനം നടത്തി. രഞ്ജു ആർ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടുവെന്നും എയർ ഇന്ത്യ എക്പ്രെസ് പ്രതികരിച്ചു.

Read more: അടുത്ത മാസം പക്ഷികളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും: മന്ത്രിമാർ സന്ദർശനം നടത്തി

അതേസമയം, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം നാലാം തിയതിയാണ് മക്കയിലെത്തിയത്. കണ്ണൂരിൽ നിന്നുള്ള ഐഎക്സ് 3027 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 ഹാജിമാരാണ് ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലെത്തിയത്. 73 പുരുഷൻമാരും 72 സ്ത്രീകളുമുൾപ്പെടുന്ന ആദ്യ സംഘത്തിന്റെ നടപടികളെല്ലാം പൂർത്തിയാക്കി ആറര മണിയോടെ തീർത്ഥാടകർ ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സുകളിൽ മക്കയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.