സുരക്ഷാപരിശോധന അനുകൂലമായാല്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള അപേക്ഷ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് സമര്‍പ്പിക്കും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പരിശോധന തിങ്കളാഴ്ച നടക്കും. പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സര്‍വ്വീസ് തുടങ്ങണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

എയര്‍ ഇന്ത്യയിലെ ഓപ്പറേഷന്‍- സാങ്കേതിക വിഭാഗങ്ങളാണ് പരിശോധന നടത്തുന്നത്. പരിശോധനയ്ക്കെത്തുന്ന വിവരം എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് ഡയറക്ടറേയും എം.കെ. രാഘവന്‍ എംപിയേയും അറിയിച്ചു. സുരക്ഷാപരിശോധന അനുകൂലമായാല്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള അപേക്ഷ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് സമര്‍പ്പിക്കും.

സൗദി എയര്‍ലൈന്‍സ് സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി ഡിജിസിഎക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഡിജിസിഎ അനുമതി നല്‍കിയാല്‍ സര്‍വ്വീസ് തുടങ്ങാം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിലച്ചിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിട്ടു. റണ്‍വേയില്‍ വിള്ളല്‍ കണ്ട സാഹചര്യത്തിലാണ് വിമാനങ്ങളുടെ സര്‍വ്വീസ് ഡിജിസിഎ നിരോധിച്ചത്.

അറ്റകുറ്റപണിക്ക് ശേഷം ചെറുവിമാനങ്ങള്‍ക്ക് യാത്രാനുമതി നേരത്തേ നല്‍കിയിരുന്നു. തുടര്‍ന്ന് ഡി ജി സി എയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്ത പരിശോധന നടത്തി റണ്‍വേയില്‍ സാങ്കേതിക തടസങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസിനും പച്ചക്കൊടി നല്‍കി.

സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ കൂടി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചട്ടം. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിലച്ചതിനാല്‍ ഹജ്ജ് സര്‍വ്വീസ് ഇത്തവണയും നെടുമ്പാശേരിയിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് ഡിജിസിഎ തീരുമാനം വെെകിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു ജനപ്രതിനിധികളും മലബാറിലെ വിവിധ സംഘടനകളും പ്രതിഷേധിച്ചത്.