തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ കത്തിച്ച പോറ്റിയേ കേറ്റിയേ പാട്ടിനെ കുറിച്ച് രചയിതാവ് സംസാരിക്കുന്നു. ജിപി കുഞ്ഞബ്ദുള്ളയാണ് പാട്ട് എഴുതിയത്. മാപ്പിളപ്പാട്ട് എഴുത്തുകാരന്‍ കൂടിയായ ജിപി കുഞ്ഞബ്ദുള്ള ‘ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനി’നോട് സംസാരിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ ഗാനങ്ങളും പാരഡികളും പിറക്കുന്നത് സാധാരണയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ ഇലക്ഷൻ പ്രചാരണത്തിനായി വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതോടെ ട്രെന്‍ഡിനൊപ്പം നീങ്ങാൻ ഓരോ മുന്നണികളും പതിനെട്ടടവും പയറ്റാറുണ്ട്. യൂത്തിന്‍റെ പൾസ് മനസ്സിലാക്കാൻ കിണ്ണം കാച്ചിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളും സിനിമാ പാട്ടുകളുടെ പാരഡികളും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിറയാറുമുണ്ട്. ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കെട്ടടങ്ങും. എന്നാല്‍ ഇത്തവണത്തെ ഇലക്ഷൻ തൂക്കിയൊരു ഐറ്റമുണ്ട്, ജെൻ സിയുടെ ഭാഷയിൽ പറഞ്ഞാൽ, വെറും തൂക്കല്ല, കൊലത്തൂക്ക്!
‘പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറ്റിയേ’... ഈ പാട്ടൊന്ന് മൂളാത്ത മലയാളികളുണ്ടാകില്ല. ഈ പാരഡി പാടി പാടി ഒറിജൽ പാട്ട് മറന്നുപോയെന്നും പലരും സോഷ്യൽ മീഡിയയിൽ കമന്‍റ് ഇടുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും വൈറൽ ഗാനത്തിന്‍റെ ഹൈപ്പിനൊരു കുറവും വന്നിട്ടില്ല. ഒടുവിൽ ഇപ്പോള്‍ പാട്ട് വിവാദമാകുകയും കേസെടുക്കുകയും ചെയ്ത നിലയില്‍ വരെയെത്തി കാര്യങ്ങള്‍. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജന.സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്.
മലപ്പുറം സ്വദേശിയായ ഡാനിഷ് മുഹമ്മദ് എന്ന ഗായകനാണ് ഈ പാട്ട് പാടിയത്. ഹനീഫ മുടിക്കോട് എന്ന സംഗീത സംവിധായകൻ പറഞ്ഞിട്ടാണ് ഡാനിഷിലേക്ക് പാട്ട് എത്തിയത്. ഗാനം ചിത്രീകരിച്ചത് സി.എം.എസ് മീഡിയയാണ്, നിർമാതാവ് സുബൈർ പന്തല്ലൂർ. പാട്ടുകാരനെ ആളുകള്‍ വേഗം അറിഞ്ഞു തുടങ്ങിയെങ്കിലും ഹിറ്റടിച്ച പാട്ടിന്‍റെ എഴുത്തുകാരൻ ഒരു പ്രവാസിയാണെന്നത് വൈകിയാണ് സോഷ്യൽ മീഡിയ അറിഞ്ഞു തുടങ്ങിയത്. പതിറ്റാണ്ടുകളായി ഖത്തറില്‍ താമസിക്കുന്ന പ്രവാസിയായ ജി പി കുഞ്ഞബ്ദുള്ള എന്ന ജി പി ചാലപ്പുറം ആണ് ഈ പാട്ട് എഴുതിയത്. പാട്ട് വന്ന വഴിയെ കുറിച്ചും വിവാദത്തെ കുറിച്ചും 46 വർഷമായി ഖത്തറിൽ വ്യാപാരിയായ, മാപ്പിളപ്പാട്ട് എഴുത്തുകാരന്‍ കൂടിയായ ജിപി കുഞ്ഞബ്ദുള്ള ‘ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനി’നോട് സംസാരിക്കുന്നു.
പാട്ട് പിറന്നത്
പത്ത്, മുപ്പത് വര്‍ഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പ്രചാരണ ഗാനങ്ങള്‍ എഴുതാറുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി എന്‍റെ മനസ്സില്‍ തോന്നിയ വരികള്‍ കുറിച്ചതാണിത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം വിവാദമായ സാഹചര്യത്തില്‍ അയ്യപ്പ ഭക്തിഗാനത്തിന്‍റെ ഈണത്തില്‍ വരികളെഴുതി. മുമ്പും ഇതേ ഈണത്തില്‍ നിരവധി പാരഡികൾ പിറന്നിട്ടുണ്ട്. പഴയൊരു മുസ്ലിം ഗാനത്തിന്‍റെ ഈണമാണിത്.
പാട്ടെഴുതിയതിന് പിന്നിൽ
പാട്ടെഴുത്ത് എന്‍റെ പാഷനാണ്. ഈ പാട്ടെഴുതാന്‍ ആരും പറഞ്ഞിട്ടില്ല. അറുനൂറിലേറെ പാട്ടുകൾ മുമ്പും എഴുതിയിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ടുകളും അതിൽപ്പെടുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ തനിക്ക് ജനങ്ങളോട് പറയണമെന്ന് തോന്നുന്ന കാര്യങ്ങള്‍ പാട്ട് രൂപത്തില്‍ എഴുതാറുണ്ട്. നിരവധി സമകാലിക, പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇത്തരത്തില്‍ പാട്ടുകള്‍ എഴുതിയിട്ടുമുണ്ട്. ആരെങ്കിലും പറഞ്ഞെഴുതിച്ചാല്‍ എനിക്ക് അതിന് കഴിയാറുമില്ല. മനസ്സില്‍ അങ്ങനെ എഴുതാന്‍ തോന്നുമ്പോള്‍ മാത്രമാണ് എഴുതുന്നത്. ഞാനൊരു കോൺഗ്രസുകാരനാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഈ പാട്ടെഴുതിയത്.

ആളുകളുടെ പ്രതികരണം
ഈ പാട്ട് ആദ്യം ഇറങ്ങിയപ്പോഴൊന്നും ആരും വിളിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കള്‍ പാട്ട് നന്നായെന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോൺഗ്രസിന്‍റെ ചില നേതാക്കള്‍ വിളിച്ചിരുന്നു. പാട്ടിനെതിരെ പരാതി കൊടുത്ത വിവരം അറിഞ്ഞപ്പോള്‍ വി ഡി സതീശനും സണ്ണി ജോസഫും ഉൾപ്പെടെയുള്ള നേതാക്കള്‍ വിളിച്ചിരുന്നു. കേസ് വന്നാല്‍ നിയമനടപടികളില്‍ പിന്തുണ നല്‍കുമെന്ന് അവർ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ അഭിനന്ദനം
പി സി വിഷ്ണുനാഥ് ഹൈബി ഈഡൻ, അടൂർ പ്രകാശ്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാര്‍ എന്നിങ്ങനെ നിരവധി കോൺഗ്രസ് നേതാക്കള്‍ വിളിച്ച് പാട്ട് നന്നായെന്ന് പറഞ്ഞ് അഭിനന്ദിച്ചു.
വൈറൽ പാട്ട്
ഇലക്ഷനൊരു പാട്ട് എഴുതും. ഇലക്ഷൻ കഴിയുമ്പോള്‍ പാട്ട് ജനങ്ങള്‍ മറക്കും. ചിലതൊക്കെ അടുത്ത തെരഞ്ഞെടുപ്പിന് ഉപയോഗിക്കും. ജനങ്ങൾ ഏറ്റുപാടുന്ന ഈണവും ആനുകാലിക പ്രശ്നങ്ങളും ഉൾപ്പെടുത്തിയ പാട്ടുകള്‍ ഹിറ്റാകും. ഞാനെഴുതിയ കൊണ്ട് മാത്രം പാട്ട് ഹിറ്റാകില്ല. ജനങ്ങള്‍ അത് ഏറ്റുപാടുമ്പോഴാണ് പാട്ട് ഹിറ്റാകുക.
കുടുംബം
നാദാപുരം സ്വദേശിയാണ്. ഇപ്പോൾ ചാലപ്പുറത്ത് താമസിക്കുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. ഒരാൺകുട്ടിയും രണ്ട് പെൺമക്കളും. അതില്‍ രണ്ടു മക്കള്‍ ഖത്തറിലുണ്ട്.
വീട്ടുകാരുടെ പിന്തുണ
വീട്ടുകാർക്ക് തന്‍റെ പാട്ടെഴുത്തിനോട് വലിയ യോജിപ്പില്ല. സമയം കളയുകയാണെന്ന അഭിപ്രായമാണവർക്ക്. അതുകൊണ്ട് തന്നെ അവരുമായി പാട്ടെഴുത്ത് ചര്‍ച്ച ചെയ്യാറില്ല. ചില പാട്ടുകള്‍ നന്നായെങ്കില്‍ അവർ പറയാറുണ്ട്.
അടുത്ത ഇലക്ഷന് പാട്ടെഴുതുമോ?
ചിലപ്പോള്‍ അങ്ങനെയുള്ള സംഭവവികാസങ്ങള്‍ ഉണ്ടായാൽ പാട്ടെഴുതിയേക്കും. ഇപ്പോൾ അത് പറയാനാകില്ല.
പാട്ട് വിവാദം, പരാതി, കേസ്
ഈ പാട്ട് ഒരു തരത്തിലും അയ്യപ്പഭക്തരെ മുറിപ്പെടുത്തുന്നില്ല. അയ്യപ്പ ഭക്തര്‍ക്ക് ഉണ്ടായ ദുഃഖം അവർ അയ്യപ്പനോട് പറയുന്ന രീതിയിലാണ് പാട്ട്. അയ്യപ്പ വിശ്വാസികളെ വേദനിപ്പിക്കുന്ന ഒരു അക്ഷരം പോലും എഴുതിയിട്ടില്ല. പാട്ടില്‍ അയ്യപ്പനെ കുറിച്ച് മാത്രമല്ല വയനാട് ചൂരൽമല, ആശാ വര്‍ക്കര്‍മാരുടെ സമരം, ഷാഫി പറമ്പില് എംപിയെ മര്‍ദ്ദിച്ച സംഭവം, ശബരിമലയിലെ സ്ത്രീപ്രവേശനം എന്നിങ്ങനെ നിരവധി ആനുകാലിക സംഭവങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പഭക്തരെയോ മതവിശ്വാസത്തെയോ ഒരു തരത്തിലും മുറിവേൽപ്പിക്കാനുള്ള ഉദ്ദേശ്യം പാട്ടെഴുത്തിലോ പാട്ടിലോ ഇല്ല.


