ദുബായ്: പെരുന്നാള്‍ അവധിക്കാലത്ത് വിമാനത്താവളങ്ങളില്‍ തിരക്കേറുന്നത് കണക്കിലെടുത്ത് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. മേയ് 31 വെള്ളിയാഴ്ച മുതല്‍ ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്നാണ് നേരത്തെ എമിറേറ്റ്സ് അറിയിച്ചത്. നേരത്തെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ദുബായില്‍ അടച്ചിട്ടിരുന്ന ഒരു റണ്‍വേ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തന സജ്ജമായാതോടെ കൂടുതല്‍ വിമാനങ്ങളുടെ സര്‍വീസും തുടങ്ങിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് മുന്ന് മണിക്കൂര്‍ മുമ്പ്  യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ ഒന്‍പത് വരെയാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും. സ്വകാര്യ മേഖലയ്ക്ക് ജൂണ്‍ മൂന്ന് മുതല്‍ ശവ്വാല്‍ മൂന്ന് വരെയും അവധി നല്‍കിയിട്ടുണ്ട്. പ്രവാസികളില്‍ പലരും നേരത്തെ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരാണ്. അവസാന നിമിഷത്തില്‍ യാത്രയ്ക്കൊരുങ്ങുന്നവരെ പിഴിയുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോഴുള്ളതും.

വരും ദിവസങ്ങളിലും തിരക്കേറുമെന്നാണ് വിമ്ന കമ്പനികളുടെ കണക്കുകള്‍. ദുബായ് വിമാനത്താവളത്തിന്‍റെ പരിസരത്തെ പ്രധാന റോഡുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും റോഡുകളില്‍ തിരക്കേറാന്‍ സാധ്യതയുള്ളതിനാലും യാത്രക്കാര്‍ നേരത്തെ വിമാനത്തവളത്തില്‍ എത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടാക്കണമെന്നാണ് എമിറേറ്റ്സിന്‍റെ അറിയിപ്പ്.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറ് മുമ്പ് മുതല്‍ എയര്‍പോര്‍ട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യാവുന്നതാണ്. വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ടുമണിക്കൂറിന് മുമ്പെങ്കിലും നിര്‍ബന്ധമായും ചെക്ക് ഇന്‍ ചെയ്യണം.  വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ എത്തുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ വഴി കംപ്യൂട്ടറിലൂടെയും മൊബൈല്‍ ഉപകരണങ്ങള്‍ വഴിയും 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ചെക് ഇന്‍ ചെയ്യാം. വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുന്‍പ് വരെയായിരിക്കും ഇങ്ങനെ ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.