തിങ്കളാഴ്‍ച വൈകുന്നേരം അഞ്ച് മണി മുതല്‍ എട്ട് മണി വരെ മസ്‍കത്ത് വിമാനത്താവളത്തില്‍ നെറ്റ്‍വര്‍ക്ക് സംബന്ധമായ തടസം നേരിടുമെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ കേരളത്തില്‍ നിന്നടക്കമുള്ള ഒമാന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു.

മസ്‍കത്ത്: 2021 ഡിസംബര്‍ 27 തിങ്കളാഴ്‍ച ഒമാനിലേക്കും (Oman Flights) തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി വിമാനക്കമ്പനികള്‍. മസ്‍കത്ത് വിമാനത്താവളത്തില്‍ (Muscat airport) തിങ്കളാഴ്‍ച വൈകുന്നേരം അഞ്ച് മണി മുതല്‍ എട്ട് മണി വരെ നെറ്റ്‍വര്‍ക്ക് സംബന്ധമായ തടസം (full network shutdown) നേരിടുമെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസുകളുടെ സമയക്രമം മാറ്റി നിശ്ചയിച്ചു.

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ ഇപ്രകാരം പുനഃക്രമീകരിച്ചിട്ടുണ്ട്. മസ്‍കത്തില്‍ നിന്ന് മുംബൈയിലേക്കുള്ള AI 985 വിമാനം 7.45ന് പുറപ്പെട്ട് 9.15ന് മുംബൈയിലെത്തും. അഹ്‍മദാബാദിലേക്കുള്ള AI 1976 വിമാനം, ഒമാനില്‍ നിന്ന് രാത്രി 10 മണിക്ക് പുറപ്പെടും. തിരിച്ചുള്ള സര്‍വീസ് ഡിസംബര്‍ 28ന് രാവിലെ 3 മണിക്ക് പുറപ്പെടും.

മസ്‍കത്തില്‍ നിന്ന് മുംബൈയിലേക്കുള്ള AI 1984 വിമാനം മസ്‍കത്തില്‍ നിന്ന് ഡിസംബര്‍ 28ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരിക്കും പുറപ്പെടുക. ദില്ലിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള സര്‍വീസ് 27ന് രാത്രി 8.10ന് പുറപ്പെടും, 10.15ന് മസ്‍കത്തിലെത്തും. തിരികെയുള്ള വിമാനം രാത്രി 11 മണിക്ക് മസ്‍കത്തില്‍ നിന്ന് പുറപ്പെടും.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നാല് സര്‍വീസുകളും ഇത് പ്രകാരം പുനഃക്രമീകരിച്ചിട്ടുണ്ട്. ദില്ലിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള IX 117 വിമാനം രാത്രി 8.50ന് പുറപ്പെട്ട് 10.30ന് ഒമാനിലെത്തും. മസ്‍കത്ത് - കൊച്ചി വിമാനം രാത്രി 11.15നായിരിക്കും പുറപ്പെടുക. കണ്ണൂരില്‍ നിന്ന് മസ്‍കത്തിലേക്കുള്ള IX 713 വിമാനം രാത്രി 8.30ന് പുറപ്പെട്ട് രാത്രി 11.15ന് മസ്‍കത്തിലെത്തും. തിരികെയുള്ള വിമാനം രാത്രി 11.30ന് മസ്‍കത്തില്‍ നിന്ന് പുറപ്പെടും.