ദുബൈ: വിമാനത്താവളത്തിലെ ടോയ്‍ലെറ്റില്‍ പെണ്‍ക്കുട്ടിയെ പൂട്ടിയിടുകയും അപമര്യാദയായി സ്‍പര്‍ശിക്കുകയും ചെയ്‍ത സംഭവത്തില്‍ ശുചീകരണ തൊഴിലാളിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ. ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2019 നവംബറിലാണ് സംഭവം നടന്നത്. 31കാരിയായ ശ്രീലങ്കന്‍ സ്വദേശിനിയും എട്ട് വയസുള്ള മകളും ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കാനെത്തിയതായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് കുട്ടി ടോയ്‍ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ലഗേജ് ഉണ്ടായിരുന്നതിനാല്‍ അമ്മ കൂടെ പോകാതെ പുറത്തു കാത്തുനിന്നു. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തുവന്നു. ഒരാള്‍ തന്റെ ശരീരത്തില്‍ തൊട്ടുവെന്ന് പറഞ്ഞ കുട്ടി, ശുചീകരണ തൊഴിലാളിയെ ചൂണ്ടിക്കാണിക്കുകയും ചെയ്‍തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ സമാധാനിപ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു. കുട്ടിയോട് ഇയാള്‍ ഭിന്നശേഷിക്കാരുടെ ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കുട്ടി അകത്ത് കയറിയപ്പോള്‍ ഇയാള്‍ ഡോര്‍ ലോക്ക് ചെയ്യുകയും കുട്ടിയുടെ ശരീരത്തില്‍ സ്‍പര്‍ശിക്കുകയുമായിരുന്നു.

23കാരനായ പ്രതി, കുട്ടി നിലവിളിച്ചതോടെ ഭയന്നുപിന്മാറി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികളെ പൊലീസ് തിരിച്ചറിഞ്ഞു. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തുവരുന്നത് കണ്ടുവെന്നും തൊട്ടുപിന്നാലെ തന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ അകത്ത് നിന്ന് ഇറങ്ങി വരുന്നത് കണ്ടുവെന്നും തൊഴിലാളികളിലൊരാള്‍ തന്നെ മൊഴി നല്‍കി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, ടോയ്‍ലറ്റില്‍ പൂട്ടിയിടല്‍, ലൈംഗിക പീഡനം, അതിക്രമിച്ചുകടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.