സന്ദര്‍ശകര്‍ക്ക് അതേ ദിവസം തന്നെയോ അല്ലെങ്കില്‍ അവര്‍ക്ക് അയല്‍രാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങുന്ന വിധത്തിലോ വിസ ലഭ്യമാകും. ഒരേ ദിവസത്തെ നടപടിക്രമത്തിന് സാധാരണയായി ഏകദേശം നാല് മണിക്കൂര്‍ ആവശ്യമാണ്.
ദുബൈ: എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സ്റ്റാറ്റസ് ചേഞ്ച് സേവനം ഉപയോഗപ്പെടുത്തി വിസ നീട്ടാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് അധിക തുക നല്‍കേണ്ടി വരും. മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നല്‍കേണ്ടി വരുമെന്ന് ട്രാവല്‍ ഇന്‍ഡസ്ട്രി വിദഗ്ധരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സന്ദര്‍ശകര്‍ രാജ്യത്തിന് പുറത്തേക്ക് പോകാനും തിരികെയെത്താനും ആസ്രയിക്കുന്ന എയര്‍ലൈന്‍, വിമാന നിരക്ക് ഏകദേശം 125 ദിര്‍ഹം വര്‍ധിപ്പിച്ചു. തണുപ്പുള്ള മാസങ്ങളില്‍ രാജ്യത്ത് തങ്ങാന്‍ സന്ദര്‍ശകര്‍ക്കിടയില്‍ വന്‍തോതില്‍ ഡിമാന്‍ഡുള്ളതും പാക്കേജിലെ വര്‍ധനവിന് മറ്റൊരു ഘടകമാണെന്നും റേഹാന്‍ അല്‍ജസീറ ടൂറിസം മാനേജിങ് ഡയറക്ടര്‍ ഷിഹാബ് പര്‍വാദ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്താണ് എ2എ വിസ ചേഞ്ച്
വിസ നീട്ടുന്നതിനായി അപേക്ഷകന്‍റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിന് പകരം അടുത്തുള്ള രാജ്യം സന്ദര്‍ശിക്കാം. ഇതിനായി ഒരു പുതിയ ടൂറിസ്റ്റ് വിസ വേഗത്തില്‍ നേടാന്‍ സഹായിക്കുന്ന സേവനമാണ് എയര്‍പോര്‍ട്ട്-ടു-എയര്‍പോര്‍ട്ട് വിസ ചേഞ്ച്. സന്ദര്‍ശകര്‍ക്ക് അതേ ദിവസം തന്നെയോ അല്ലെങ്കില്‍ അവര്‍ക്ക് അയല്‍രാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങുന്ന വിധത്തിലോ വിസ ലഭ്യമാകും. ഒരേ ദിവസത്തെ നടപടിക്രമത്തിന് സാധാരണയായി ഏകദേശം നാല് മണിക്കൂര്‍ ആവശ്യമാണ്. ഇതില്‍ വിമാനത്തില്‍ രാജ്യത്തിന് പുറത്ത് പോകല്‍, അയല്‍ രാജ്യത്തെ വിമാനത്താവളത്തില്‍ കാത്തിരിക്കല്‍, പിന്നീടുള്ള വിമാനത്തില്‍ മടങ്ങുക എന്നിവയും ഉള്‍പ്പെടും.
ടൂറിസം കമ്പനികള്‍ പറയുന്നത് അനുസരിച്ച് 2023ന്‍റെ അവസാന പാദത്തില്‍ 90 ദിവസത്തെ അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ സന്ദര്‍ശകര്‍ക്കിടയില്‍ 60 ദിവസത്തെ വിസക്ക് ആവശ്യമേറി. 60 ദിവസത്തെ വിസക്ക് 1,300 ദിര്‍ഹം ആയിരുന്നത് ഇപ്പോള്‍ 1,500 ദിര്‍ഹത്തിലാണ് ആരംഭിക്കുന്നത്. സന്ദര്‍ശകര്‍ പാക്കേജ് ബുക്ക് ചെയ്യുമ്പോഴുള്ള നിരക്ക് ആശ്രയിച്ചാണ് വില നിശ്ചയിക്കുന്നത്. 2022 ഡിസംബറില്‍ വിസിറ്റ് വിസയുള്ളവര്‍ക്ക് രാജ്യത്തിനകത്ത് നിന്ന് താമസാനുമതി നീട്ടാനുള്ള ഓപ്ഷന്‍ യുഎഇ നിര്‍ത്തലാക്കിയിരുന്നു. പുതിയ വിസയില്‍ മടങ്ങിയെത്തുന്നതിന് മുമ്പ് വിസിറ്റ് വിസയുള്ളവര്‍ക്ക് രാജ്യം വിടേണ്ട സാഹചര്യമായിരുന്നു. വിസിറ്റ് വിസയുള്ളവര്‍ രാജ്യം വിടാനും പുതിയ വിസയില്‍ മാത്രം തിരികെ പ്രവേശിക്കാന്‍ കഴിയുന്നതുമായ സാഹചര്യം കൊവിഡ് കാലത്ത് മാനുഷിക പരിഗണന നല്‍കി യുഎഇ മാറ്റി. 30 ദിവസത്തെ വിസ മാറ്റത്തിനുള്ള നിരക്ക് 1,200 ദിര്‍ഹത്തില്‍ നിന്ന് 1,300 ദിര്‍ഹമായി വര്‍ധിച്ചതായും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Read Also - പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ അപ്രതീക്ഷിത സംഭവം! ഞെട്ടി യാത്രക്കാര്‍, ഡോര്‍ തുറന്ന് ചാടി യുവാവ്
സ്ഥിരമായി യാത്ര ചെയ്യാൻ തയ്യാറല്ലാത്ത മുതിർന്ന പൗരന്മാരാണ് കൂടുതൽ ദൈർഘ്യമുള്ള വിസകൾ തിരഞ്ഞെടുക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിലെ സുഖകരമായ കാലാവസ്ഥ കാരണം, നിരവധി താമസക്കാർ അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും രാജ്യത്ത് ദീർഘകാലത്തേക്ക് താമസിക്കാൻ വിളിക്കുന്നു. ഇത് എയർപോർട്ട് ടു എയർപോർട്ട് വീസ മാറ്റത്തിൽ ഇത് വൻതോതിലുള്ള ഡിമാൻഡ് വർധിപ്പിച്ചതായിട്ടാണ് വിലയിരുത്തല്‍.
