നാല്‍പ്പത് വര്‍ഷം മുമ്പ് ആ വീട്ടുകാര്‍ നല്‍കിയ സ്നേഹവും ബഹുമാനവും തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് റോജിന പറഞ്ഞു. അജ്മാന്‍ പൊലീസാണ് ഇവരെ വീണ്ടും ഒന്നിപ്പിച്ചത്. 

ദുബൈ: നാല്‍പ്പത് വര്‍ഷം മുമ്പ് ജോലി ചെയ്തിരുന്ന എമിറാത്തി കുടുംബത്തെ വീണ്ടും കാണണമെന്ന പ്രവാസി വനിതയുടെ ആഗ്രഹം സഫലമാക്കാന്‍ സഹായിച്ച് അജ്മാന്‍ പൊലീസ്. റോജിന എന്ന ശ്രീലങ്കന്‍ സ്വദേശിനിയുടെ ആഗ്രഹ സഫലീകരണത്തിനാണ് അജ്മാന്‍ പൊലീസ് കൂടെനിന്നത്. റോജിനയുടെയും എമിറാത്തി കുടുംബത്തിന്‍റെയും ഒത്തുചേരല്‍ വൈകാരികമായ നിമിഷമായി മാറി. അജ്മാൻ പൊലീസിന്റെ 'എ ടച്ച് ഓഫ് ലോയൽറ്റി' എന്ന ഉദ്യമമാണ് ഈ ഒത്തുചേരലിന് വഴിയൊരുക്കിയത്.

സിറ്റി പൊലീസ് സ്റ്റേഷൻ തലവൻ കേണൽ ഗെയ്ത് ഖലീഫ അൽ കഅബിയാണ് ഈ വികാരനിർഭരമായ കഥ പങ്കുവച്ചത്. 1982 മുതൽ 1987 വരെ അജ്മാനിൽ അലി അബ്ദുല്ല സിനാൻ അൽ ഷെഹി എന്നയാളുടെ കുടുംബത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന റോജിനയ്ക്ക് ആ കുടുംബം നൽകിയ സ്നേഹവും ബഹുമാനവും എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതായിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയായ റോജിന, തന്‍റെ സ്വദേശത്തേക്ക് തിരിച്ചുപോയെങ്കിലും എമിറാത്തി കുടുംബത്തിന്‍റെ കരുണയും അവിടെ നിന്ന് ലഭിച്ച ബഹുമാനവും റോജിനയുടെ ഹൃദയത്തിലുണ്ടായിരുന്നു.

2025ല്‍ റോജിന തന്‍റെ മകളുടെ വിവാഹത്തിനായി യുഎഇയിലെത്തി. അപ്പോഴാണ് താന്‍ 40 വര്‍ഷം മുമ്പ് ജോലി ചെയ്ത എമിറാത്തി കുടുംബത്തെ വീണ്ടും കാണണമെന്ന ആഗ്രഹം റോജിന പ്രകടിപ്പിച്ചത്. തുടര്‍ന്ന് റോജിന അജ്മാന്‍ പൊലീസിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മെസേജ് അയയ്ക്കുകയും തന്‍റെ കഥ പങ്കുവെക്കുകയും ചെയ്തു. റോജിനയുടെ കഥ അറിഞ്ഞ പൊലീസ് ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു. തികഞ്ഞ പ്രഫഷനലിസത്തോടെയും സഹാനുഭൂതിയോടെയും നടത്തിയ അന്വേഷണത്തിനൊടുവിൽ ആ എമിറാത്തി കുടുംബത്തെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചതായി ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ റിസർച്ച് ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.

പൊലീസിന്‍റെ സഹായത്തോടെ എമിറാത്തി കുടുംബവുമായി വീണ്ടും റോജിന കണ്ടുമുട്ടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം റോജിനയെ കണ്ടുമുട്ടിയതിന്‍റെ സന്തോഷവും സ്നേഹവും എമിറാത്തി കുടുംബം പങ്കുവെച്ചു. റോജിനയെ ഇരു കൈകളും നീട്ടി അവര്‍ സ്വീകരിച്ച നിമിഷം സന്തോഷത്തിനും കണ്ണീരിനും വഴിമാറി. തങ്ങളുടെ ഒത്തുചേരലിന് വീണ്ടും വഴിയൊരുക്കിയ അജ്മാന്‍ പൊലീസിന് റോജിനയും എമിറാത്തി കുടുംബവും നന്ദി അറിയിച്ചു.