ആഴ്ചയിൽ എല്ലാ ദിവസവും ഈ നേരിട്ടുള്ള പുതിയ സര്‍വീസുകൾ ഉണ്ടാകും. യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസ് തുടങ്ങുന്നത്. 

അബുദാബി: യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന പുതിയ സര്‍വീസുകൾ ആരംഭിച്ച് ആകാശ എയര്‍. ബെംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍ തുടങ്ങിയത്. യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിട്ടത്. 

ബെംഗളൂരുവില്‍ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ രാവിലെ 10 മണിക്ക് പുറപ്പെടും. അബുദാബിയില്‍ ഉച്ചയ്ക്ക് 12.35ന് എത്തിച്ചേരും. തിരികെയുള്ള വിമാനം പുലര്‍ച്ചെ മൂന്ന് മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8:45 മണിക്ക് ബെംഗളൂരുവില്‍ എത്തും. അഹമ്മദാബാദില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് രാത്രി 10:45ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയിലെത്തും. തിരികെ അവിടെ നിന്നും ഉച്ചയ്ക്ക് 2:50 ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് 7:25ന് അഹമ്മദാബാദില്‍ എത്തിച്ചേരും. 

Read Also - എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം

നിലവില്‍ ആകാശ എയര്‍ 22 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് അന്താരാഷ്ട്ര നഗരങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ദോഹ, ജിദ്ദ, റിയാദ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് അന്താരാഷ്ട്ര സര്‍വീസുകള്‍. 2022 ഓഗസ്റ്റ് ഏഴിനാണ് ആകാശ എയറിന്‍റെ ആദ്യ കൊമേഴ്സ്യൽ വിമാന സര്‍വീസ് തുടങ്ങിയത്. 2024 മാര്‍ച്ച് 28ന് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും തുടക്കമിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം