കൊവിഡ് വാക്സിന്റഎ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം കഴിഞ്ഞ 16 വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കെല്ലാം സൗദി അറേബ്യയില്‍  ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കും.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് (booster dose of covid vaccine) ഇനി 16 വയസ് മുതൽ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (Saudi ministry of Health) അറിയിച്ചു. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം കഴിഞ്ഞ 16 വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കെല്ലാം ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാവുന്നതാണ്. നേരത്തെ 18 വയസ് മുതലുള്ളവർക്കായിരുന്നു ബൂസ്റ്റർ ഡോസ് വിതരണം ഉണ്ടായിരുന്നത്. 

കൊവിഡിനെയും പുതിയ വകഭേദമായ ഒമിക്രോണിനെയും തടയുന്നതിൽ 16 വയസ് മുതലുള്ളവർക്കും ബൂസ്റ്റർ ഡോസ്‌ നൽകേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സമൂഹത്തിലാകമാനം കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കൈവരിക്കുന്നതിന് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാൻ രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെടുന്നതായി മന്ത്രാലയം ആവർത്തിച്ചു. ഇതിനിടെ രാജ്യത്തുടനീളം ഇതുവരെ 15,44,668 ഡോസ് ബൂസ്റ്റർ ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിൽ ഭീഷണിയായി പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണം നാനൂറിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 389 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 124 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കേസുകളുടെ എണ്ണം 5,52,795 ആയി. ആകെ രോഗമുക്തി കേസുകൾ 5,40,868 ആണ്. ആകെ മരണസംഖ്യ 8,871 ആയി. ഇന്ന് രാജ്യത്ത് ആകെ 32,809,383 കോവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 3,056 പേരിൽ 33 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.