അബുദാബി: കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ യുഎഇയില്‍ കൂടുതല്‍ ആശുപത്രികളെ കൊവിഡ് മുക്തമായി പ്രഖ്യാപിച്ചു. ചികിത്സയിലുള്ള അവസാന കൊവിഡ് രോഗിയേയും ഡിസ്‍ചാര്‍ജ് ചെയ്ത ശേഷം അണുവിമുക്തമാക്കുന്ന നടപടികളും പൂര്‍ത്തിയാക്കി, പ്രത്യേക പരിശോധനകള്‍ നടത്തിയാണ് അധികൃതര്‍ ആശുപത്രികളെ കൊവിഡ് മുക്തമായി പ്രഖ്യാപിക്കുന്നത്.

അബുദാബിയിലെ സ്വകാര്യ ആശുപത്രികളായ ബുര്‍ജീല്‍ മെഡിക്കല്‍ ഗ്രൂപ്പ്, എന്‍എംസി ഹെല്‍ത്ത് കെയര്‍, ഐന്‍ അല്‍ ഖലീജ് എന്നിവ കൊവിഡ് മുക്തമായതായി അബുദാബി മീഡിയാ ഓഫീസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. ഈ ആശുപത്രികളില്‍ രോഗികള്‍ക്കുള്ള മറ്റ് ചികിത്സകള്‍ ലഭ്യമാവും. അതേസമയം ശ്വസന സംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ കൊവിഡ് 19 രോഗികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആശുപത്രികളായ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി ഹോസ്‍പിറ്റല്‍, അല്‍ ഐന്‍ ഹോസ്‍പിറ്റല്‍ എന്നിവിടങ്ങളിലാണ് എത്തേണ്ടതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യവ്യാപക പരിശോധനയടക്കം രാജ്യത്തെ ആരോഗ്യ രംഗത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനം കാരണം യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കാര്യമായി കുറയുകയാണിപ്പോള്‍. രാജ്യത്തെ നിരവധി ആശുപത്രികള്‍ കൊവിഡ് മുക്തമായി ഇപ്പോള്‍ സാധാരണ ചികിത്സ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.