Asianet News MalayalamAsianet News Malayalam

യുഎഇ പൊതുമാപ്പ്: ഔട് പാസ് വിതരണ ഒരുക്കം പൂര്‍ത്തിയായി

പൊതുമാപ്പിനോടനുബന്ധിച്ച് ഔട് പാസ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ ദുബായിൽ പൂർത്തിയായി. ഔട് പാസ് നേടുന്നവർ 21 ദിവസത്തിനകം രാജ്യം വിടണമെന്ന് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

AMNESTY IN UAE 2018
Author
Dubai - United Arab Emirates, First Published Jul 30, 2018, 12:02 AM IST

ദുബായ്: യുഎഇയിലെ പൊതുമാപ്പിനോടനുബന്ധിച്ച് ഔട് പാസ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ ദുബായിൽ പൂർത്തിയായി. താമസം നിയമവിധേയമാക്കി സ്വയം രക്ഷയൊരുക്കുന്നുവെന്ന പ്രമേയത്തില്‍ മറ്റന്നാള്‍ മുതല്‍ മൂന്ന് മാസമാണ് പൊതുമാപ്പ് നീണ്ടുനില്‍ക്കുന്നത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും തങ്ങളുടെ താമസം നിയമവിധേയമാക്കാനുമുള്ള അവസരമാണിത്. 

പുതിയ ജീവിതവും പ്രതീക്ഷയും നൽകാനുള്ളതാണ് പൊതുമാപ്പ്. അല്ലാതെ ആരുടേയും ജീവിതം തകർക്കാനുള്ളതല്ലെന്നും ആരെയും കുറ്റവാളികളായി കാണില്ലെന്നും എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് റാഷിദ് അൽ മർറി പറഞ്ഞു. ഔട് പാസ് നേടുന്നവർ 21 ദിവസത്തിനകം രാജ്യം വിടണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇന്ത്യയുടേതടക്കം വിവിധ കോൺസുലേറ്റുകളുടെ പ്രതിനിധികൾ കേന്ദ്രത്തിൽ എല്ലാ ദിവസവും സേവനസജ്ജരായിരിക്കും. ഓരോ രാജ്യക്കാരും അവരവരുടെ കോൺസുലേറ്റ് പ്രതിനിധികളെ സമീപിക്കണം. മതിയായ രേഖകളുള്ളവർ താമസം നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള അവസരമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.. ഇതിനായി അമർ സെന്ററുകളെയാണ് സമീപിക്കേണ്ടത്. 

എമിഗ്രേഷൻ ഫീസ് 521 ദിർഹം അടയ്ക്കണം. ദുബായ് അൽ അവീറിലെ എമിഗ്രേഷൻ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ ഔട് പാസ് കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. ആയിരത്തിലേറെ പേർക്ക് ഒരേ സമയം ഇരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരിക്കും പ്രവര്‍ത്തന സമയം. 

Follow Us:
Download App:
  • android
  • ios