കുരിശിന്‍റെ ശൈലിക്ക് ഇറാഖിലെയും കുവൈത്തിലെയും പുരാവസ്തുക്കളുമായി സാമ്യമുണ്ട്. ഇത് പുരാതന ഇറാഖിൽ വേരുകളുള്ള ചർച്ച് ഓഫ് ദ ഈസ്റ്റുമായി ബന്ധപ്പെട്ടതാണെന്നും കരുതപ്പെടുന്നു.

അബുദാബി: അബുദാബിയിലെ സർ ബാനി യാസ് ദ്വീപിലെ പര്യവേഷണ സ്ഥലത്ത് നിന്ന് പുരാതനമായ ഒരു കുരിശ് രൂപം പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തി. അബുദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പ് ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുന്ന പ്രദേശത്തെ ആശ്രമത്തിന്‍റെ ഭാഗത്ത് നിന്നാണ്​ ഒരു ഫലകത്തിൽ കൊത്തിവെച്ച കുരിശു രൂപം കണ്ടെടുത്തത്​. കഴിഞ്ഞ 30 വർഷത്തിനിടെ ദ്വീപിൽ നടന്ന ഏറ്റവും വലിയ ഖനനിത്തിനിടെയാണ്​ കുരിശ് രൂപം​ കണ്ടെടുത്തിരിക്കുന്നത്​.

2025 ജനുവരിയിൽ, സാംസ്കാരിക, ടൂറിസം വകുപ്പ് സർ ബാനിയാസ് ദ്വീപിൽ ഒരു പുതിയ ഗവേഷണ കാമ്പയിൻ ആരംഭിച്ചിരുന്നു. അതിന്‍റെ ഭാഗമായി നടന്ന ഖനനത്തിലാണ് കുരിശിന്‍റെ രൂപം പതിച്ച ഫലകം കണ്ടെത്തിയത്. ആത്മീയ കാര്യങ്ങൾക്കായി സന്യാസിമാർ ഇത് ഉപയോഗിച്ചിരുന്നതായാണ് കരുതുന്നത്. കുരിശിന്‍റെ ശൈലിക്ക് ഇറാഖിലെയും കുവൈത്തിലെയും പുരാവസ്തുക്കളുമായി സാമ്യമുണ്ട്. ഇത് പുരാതന ഇറാഖിൽ വേരുകളുള്ള ചർച്ച് ഓഫ് ദ ഈസ്റ്റുമായി ബന്ധപ്പെട്ടതാണെന്നും കരുതപ്പെടുന്നു. സർ ബാനി യാസ് ദ്വീപിൽ പുരാതന ക്രിസ്ത്യൻ കുരിശ് കണ്ടെത്തിയത് യുഎഇയുടെ സഹവർത്തിത്വത്തിന്‍റെയും സാംസ്കാരികമായ തുറന്ന സമീപനത്തിന്‍റെയും ആഴത്തിലുള്ള മൂല്യങ്ങളുടെ ശക്തമായ തെളിവാണെന്ന് സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ്​ ചെയർമാൻ മുഹമ്മദ്​ ഖലീഫ അൽ മുബാറക്​ പറഞ്ഞു.

ഇത് അഭിമാനവും ആദരവും ഉണർത്തുന്നു. സമാധാനപരമായ സഹവർത്തിത്വം എന്നത് ആധുനികമായ ഒരു നിർമ്മിതിയല്ല, മറിച്ച് നമ്മുടെ ചരിത്രത്തിൽ വളരെക്കാലം മുൻപേ ഉണ്ടായിരുന്ന ഒരു തത്വമാണെന്ന് ഇത് നമ്മളെ ഓർമ്മിപ്പിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. 1992ൽ യു.എ.ഇ നേതൃത്വത്തിന്റെ നിർദേശപ്രകാരം അബൂദബി ഐലൻഡ്‌സ് ആർക്കിയോളജിക്കൽ സർവേ (അഡിയാസ്) സർ ബാനി യാസ് ദ്വീപിൽ നടത്തിയ ഖനനത്തിലാണ്​ എ.ഡി ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലേതെന്ന്​ വിശ്വസിക്കപ്പെടുന്ന ക്രിസ്ത്യൻ ആശ്രമം ആദ്യമായി കണ്ടെത്തിയത്. അക്കാലത്തെ ഖനനങ്ങളിൽ ആശ്രമത്തിന്‍റെ അതേ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഒരു പള്ളിയും മറ്റ് കെട്ടിടങ്ങളും കണ്ടെത്തി. ഇവ മുതിർന്ന സന്യാസിമാർ ധ്യാനത്തിനും മറ്റുമായി ഉപയോഗിച്ചിരുന്ന പ്രത്യേക സ്ഥലങ്ങളാണെന്ന് പുരാവസ്തു ഗവേഷകർ കരുതുന്നു. സന്യാസിമാർ താമസിച്ചിരുന്ന ആശ്രമത്തിന് സമീപമുള്ള മുറ്റങ്ങളുള്ള ഒരു കൂട്ടം വീടുകളും പുരാവസ്തു ഗവേഷകർ ഇപ്പോൾ പഠിക്കുകയും ഖനനം നടത്തുകയും ചെയ്യുന്നുണ്ട്.