ഇതിനകം ഒട്ടേറെ അംഗീകാരങ്ങളാണ് അന്‍ഷിയെ തേടി എത്തിയിട്ടുണ്ട്. അര ഡസന്‍ റെക്കോര്‍ഡുകളെങ്കിലും ഈ ചെറിയ കാലയളവില്‍ അന്‍ഷിയുടെ പേരില്‍ എഴുതപ്പെട്ടിട്ടുണ്ട്. 

ഈ മിടുക്കി കുട്ടിയുടെ പേരാണ് അന്‍ഷി അനീഷ്. അന്‍ഷിയെ മിടുക്കിയെന്ന് വിളിച്ചാല്‍ അത് കുറഞ്ഞ് പോകും. കാരണം മിടുക്കിയല്ല, മിടുമിടുക്കിയാണ് അൻഷി. ഒന്നും രണ്ടും കാര്യങ്ങളിലൊന്നുമല്ല അൻഷി മികവ് തെളിയിച്ചിരിക്കുന്നത്. എന്തൊക്കെ ചെയ്യും എന്നല്ല, എന്തൊക്കെ ചെയ്യില്ല എന്നാണ് അന്‍ഷിയോട് ചോദിക്കേണ്ടത്.

ഇതിനകം ഒട്ടേറെ അംഗീകാരങ്ങളാണ് അന്‍ഷിയെ തേടി എത്തിയിട്ടുണ്ട്. അര ഡസന്‍ റെക്കോര്‍ഡുകളെങ്കിലും ഈ ചെറിയ കാലയളവില്‍ അന്‍ഷിയുടെ പേരില്‍ എഴുതപ്പെട്ടിട്ടുണ്ട്. റോളര്‍ സ്കേറ്ററില്‍ നിന്ന് ഹോല ഹൂപ്പ് ഉപയോഗിച്ച് ഡാന്‍സ് കളിച്ച് റൂബിക്സ് ക്യൂബ് ശരിയാക്കുന്നതൊക്കെ അന്‍ഷിയുടെ ചെറിയ വിനോദങ്ങളാണ്. മൾട്ടി ടാസ്കിങ് എന്താണെന്ന് വളരെ സിംപിളായി കാണിച്ച് തരും അൻഷി. വ്യത്യസ്ത തരത്തിലുള്ള റൂബിക്സ് ക്യൂബുകൾ ശരിയാക്കാന്‍ നിമിഷ സമയം മതി ഈ പതിമൂന്നുകാരിക്ക്.

ഒട്ടേറെ പരസ്യചിത്രങ്ങളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട് അന്‍ഷി. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി അന്‍ഷി കാണുന്നു. ഇതിനു പുറമേ ഇത്തിഹാദ് എയര്‍വെയ്സ്, ദുബായ് സര്‍ക്കാരിന്‍റെ അല്‍ ജലീല ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, അബുദാബി ടൂറീസം തുടങ്ങി ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകളുടെ മുഖമായി മാറാനും അന്‍ഷി അനീഷിന് സാധിച്ചു.

ചിത്രരചനയിലും അന്‍ഷി തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. യുഎഇയില്‍ പല വേദികളിലും അന്‍ഷിയുടെ ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒപ്പം ഒരു കൊച്ച് വ്ലോഗര്‍ കൂടിയാണ് ഈ മിടുമിടുക്കി. വളരെ ചെറുപ്പത്തിലെ തന്നെ മനസില്‍ കാണുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതാണ് അന്‍ഷിയുടെ ശീലം. ഹോല ഹോപ്പ് സ്വയം പഠിച്ചെടുത്ത അന്‍ഷി, സ്വന്തം ഇഷ്ടമനുസരിച്ചാണ് ചെറുപ്പത്തിലേ തന്നെ റോളര്‍ സ്കേറ്റിങ്ങിലേക്കും തിരിഞ്ഞത്. ഒട്ടേറെ പ്രധാന വേദികളില്‍ അന്‍ഷി നൃത്തം അവതരിപ്പിച്ചിട്ടുമുണ്ട്. 

മനസില്‍ കൃത്യമായ ലക്ഷ്യങ്ങളുള്ള, ആ ലക്ഷ്യങ്ങളെല്ലാം പടിപടിയായി നേടിയെടുക്കുന്ന അന്‍ഷിക്ക് ഭാവിയെ കുറിച്ചും വ്യക്തമായ കണക്കുകൂട്ടലുകളുണ്ട്. പുതിയ ലക്ഷ്യങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും യാത്ര തുടരുകയാണ് അന്‍ഷി അനീഷ്. ഓരോ പ്രവാസി മലയാളിയെയും അഭിമാനത്തിന്‍റെ നെറുകയിൽ എത്തിക്കുന്ന, പ്രചോദിപ്പിക്കുന്ന യാത്ര.

വീഡിയോ കാണാം...
YouTube video player

Read also: മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കാലു കൊണ്ട് വിജയ ദൂരങ്ങൾ താണ്ടുന്ന പ്രവാസിയെ അറിയാം