ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവര്‍ക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കുന്ന നിയമം ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണവും കുറഞ്ഞത്.

ലണ്ടൻ: ഈ വര്‍ഷം ബ്രിട്ടീഷ് സര്‍വകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകള്‍ അയച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നതായി യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജസ് അഡ്മിഷന്‍ സര്‍വീസിന്‍റെ (യുസിഎഎസ്) അടുത്തിടെ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. ആകെ അന്താരാഷ്ട്ര ആപ്ലിക്കേഷനുകളുടെ എണ്ണം 0.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്. 

ചൈനയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ടായപ്പോഴാണ് നൈജീരിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബിരുദ പഠനത്തിനായുള്ള നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ 46 ശതമാനം കുറഞ്ഞ് 1,590 ആയി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ നാല് ശതമാനം കുറഞ്ഞ് 8,770 ആയി. ചൈന, കാനഡ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

Read Also -  കൈവിട്ടു കളയല്ലേ മലയാളികളേ! പെട്ടി പാക്ക് ചെയ്തോളൂ; ഉയര്‍ന്ന ശമ്പളം, റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ അംഗീകൃതം

ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ളവര്‍ക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കുന്ന നിയമം ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണവും കുറഞ്ഞത്. ഈ മാറ്റത്തിന് മുമ്പ് എല്ലാ അന്താരാഷ്ട്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ആശ്രിതരെ യുകെയിലേക്ക് കൊണ്ടുപോകാന്‍ അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യുകെയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്കോളര്‍ഷിപ്പുകളുള്ള കോഴ്സുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. കുടിയേറ്റം നിയന്ത്രിക്കുകയാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ പഠനത്തിനായും മറ്റും പോകുന്നത് പ്രധാനമായും പഠന ശേഷം അവിടെ ജീവിതം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ജോലി കണ്ടെത്തി പിആര്‍ ലഭിക്കുന്നതോടെ മടങ്ങിവരാറുമില്ല. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...