2011 മാര്‍ച്ചില്‍ സിറിയയിലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് ഉത്തരവിട്ടതിനെ പിന്നാലെയാണ് അറബ് ലീഗ് അംഗത്വത്തില്‍ നിന്ന് സിറിയയെ പുറത്താക്കിയത്. 

കെയ്റോ: സിറിയയെ ഉപാധികളോടെ അറബ് ലീഗില്‍ തിരിച്ചെടുക്കാന്‍ ധാരണയായി. ഒരു പതിറ്റാണ്ടിലധികം നീണ്ട വിലക്കിന് ശേഷം ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് അറബ് ലീഗ് വക്താവ് പറഞ്ഞു. സിറിയയുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള അറബ് രാജ്യങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.

ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് അംഗരാഷ്‍ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് സിറിയയെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്. വോട്ടെടുപ്പിലൂടെയാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് 19ന് സൗദി അറേബ്യയില്‍ അറബ് ലീഗ് ഉച്ചകോടി നടക്കാനിരിക്കവെയാണ് സിറിയയെ തിരിച്ചെടുക്കാനുള്ള നിര്‍ണായക തീരുമാനം ഇന്ന് ഉണ്ടായിരിക്കുന്നത്.

2011 മാര്‍ച്ചില്‍ സിറിയയിലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് ഉത്തരവിട്ടതിനെ പിന്നാലെയാണ് അറബ് ലീഗ് അംഗത്വത്തില്‍ നിന്ന് സിറിയയെ പുറത്താക്കിയത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കാനുള്ള ബഷാര്‍ അല്‍ അസദിന്റെ തീരുമാനത്തിന് പിന്നാലെ സിറിയ ആഭ്യന്തര യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുകയും ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ മരണപ്പെടുകയും ചെയ്‍തുവെന്നാണ് കണക്ക്. ദശലക്ഷക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്‍തു.

ഒരു പതിറ്റാണ്ടിന് ശേഷം ബഷാര്‍ അല്‍ അസദ് സിറിയയില്‍ തന്റെ അധികാരം ഊട്ടിയുറപ്പിച്ച സാഹചര്യത്തില്‍ സിറിയയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. പ്രശ്‍ന പരിഹാരത്തിന് രാഷ്‍ട്രീയ പോംവഴികള്‍ തേടണമെന്ന അഭിപ്രായം വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്‍തു. ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയിലാണ് സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read also: സൗദി അറേബ്യയില്‍ വൻ മയക്കുമരുന്ന് വേട്ട; വിദേശികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം പിടിയില്‍