അബുദാബി:  സോഷ്യല്‍ മീഡിയയില്‍ വോയിസ് മെസേജ് വഴി നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ യുവാവിന് ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് (97 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കോടതി വിധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപമാനത്തിനുപുറമേ ഭീഷണിപ്പെടുത്തിയതിനുകൂടിയാണ് കോടതി ശിക്ഷ വിധിച്ചത്.

വളരെ മോശമായ പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതും അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു പ്രതിയായ അറബ് പൗരന്‍ അയച്ച വോയിസ് മെസേജെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപുറമെ പരാതിക്കാരന്റെ മതത്തെ അപമാനിക്കുകയും ചെയ്തു. സൈബര്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. 

എന്നാല്‍ തനിക്ക് പെട്ടെന്നുണ്ടായ ദേഷ്യം കാരണമാണ് മെസേജ് അയച്ചതെന്നും ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതി കോടതിയില്‍ വാദിച്ചു. നേരത്തെ കേസ് പരിഗണിച്ച പ്രാഥമിക കോടതി നാല് വര്‍ഷം തടവും 5,00,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത് പിന്നീട് അപ്പീല്‍ കോടതി പിഴ അതേപടി നിലനിര്‍ത്തുകയും ജയില്‍ ശിക്ഷ ഒരു വര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഈ വിധി കഴിഞ്ഞദിവസം മേല്‍ക്കോടതിയും ശരിവെച്ചു.