ദുബൈ: സന്ദര്‍ശക വിസയിലെത്തിയ ഇരുനൂറോളം പാകിസ്ഥാന്‍ പൗരന്മാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രാദേശിക മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രശ്‍നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ദുബൈയിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. 

ലാഹോറില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. പ്രധാനമായും സാധാരണ തൊഴിലാളികളാണ് സംഘത്തിലുള്ളതെന്നും ഇവര്‍ സന്ദര്‍ശക വിസയില്‍ എത്തിയതിനാല്‍ ഹോട്ടല്‍ ബുക്കിങ് രേഖകളോ അല്ലെങ്കില്‍ യുഎഇയില്‍ ജീവിക്കുന്നതിനുള്ള പണം കൈവശമുള്ളതിന്റെ രേഖകളോ നല്‍കേണ്ടിവരുമെന്നാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് റീജ്യണല്‍ മാനേജര്‍ ഷാഹിദ് മുഗള്‍ അറിയിച്ചത്. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിലുണ്ട്.