ജിദ്ദയിലെ സൂപ്പർഡോം, അൽ ജൗഹറ സ്റ്റേഡിയം, ജിദ്ദ ജംഗിൾ, ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ ആർട്ട് പ്രൊമെനേഡ്, ജിദ്ദ പിയർ, പ്രിൻസ് മജിദ് പാർക്ക്, സിറ്റി വാക്ക്, അൽ ബലദ് എന്നീ ഒമ്പത് സോണുകളിലായി 2800 ഓളം പ്രോഗ്രാമുകൾ പുതിയ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിയാദ്: മൂന്നുമാസം നീണ്ട റിയാദ് സീസണിന്‍റെ മാതൃകയിൽ ജിദ്ദയിൽ ഉത്സവം അരങ്ങേറുന്നു. ‘ജിദ്ദ സീസൺ 2022’നുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി നാഷണൽ ഈവന്‍റ് സെന്‍റർ അറിയിച്ചു. രണ്ട് മാസം നീളുന്ന ആഘോഷ പരിപാടികൾ മെയ് മാസം ആരംഭിക്കും. ഒമ്പത് സോണുകളിലായി 2800 ഓളം വൈവിധ്യങ്ങളായ പ്രകടനങ്ങൾ പുതിയ സീസണിലുണ്ടാകും. ‘നമ്മുടെ മനോഹരമായ ദിനങ്ങൾ’ എന്ന തലക്കെട്ടിൽ മെയ് മുതൽ ജൂൺ വരെ നീളുന്ന കലാ-വിനോദ-സാംസ്കാരിക പരിപാടികളാണ് ജിദ്ദ സീസണിലുണ്ടാവുക. 

ജിദ്ദയിലെ സൂപ്പർഡോം, അൽ ജൗഹറ സ്റ്റേഡിയം, ജിദ്ദ ജംഗിൾ, ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ ആർട്ട് പ്രൊമെനേഡ്, ജിദ്ദ പിയർ, പ്രിൻസ് മജിദ് പാർക്ക്, സിറ്റി വാക്ക്, അൽ ബലദ് എന്നീ ഒമ്പത് സോണുകളിലായി 2800 ഓളം പ്രോഗ്രാമുകൾ പുതിയ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകൾ മൂന്ന് ദിവസം നീണ്ട് നില്ക്കും. കരിമരുന്ന് പ്രകടനം, കെ-പോപ്പ് പ്രകടനങ്ങൾ, സയൻസ് ഫെസ്റ്റിവൽ, ആനിമേഷൻ പ്രേമികൾക്കായി കോമിക്-കോൺ ഇവന്‍റ്, ഒരു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ രാജ്യത്തെ ഏറ്റവും വലിയ മൃഗശാല, റെസ്റ്റോറന്‍റുകൾ, കഫേകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, അറബ്, അന്തർദേശീയ സംഗീത കച്ചേരികൾ, നാടകങ്ങൾ, സിനിമാ പ്രദർശനം, അന്താരാഷ്ട്ര കലാകാരന്മാരുടെ കലാവിരുന്നുകൾ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരിക്കും ജിദ്ദയുടെ രണ്ട് മാസം. ജിദ്ദ നഗരത്തെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് ജിദ്ദ സീസൺ ലക്ഷ്യം.