ദുബൈ: പ്രമേയത്തിലെ പുതുമ കൊണ്ടും, കുടുംബ ടീമുകളുടെ പങ്കാളിത്തം കൊണ്ടും ഗള്‍ഫ് മലയാളികളുടെ ശ്രദ്ധ നേടിയ ഏഷ്യാനെറ്റ് ഫാമിലി കുക്ക് ഓഫിന്റെ സീസണ്‍2 ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റില്‍ എത്തുന്നു. പാചകത്തില്‍ മിടുക്കരായ കുടുംബങ്ങള്‍ മാറ്റുരയ്ക്കുന്ന ഈ കുക്കിംഗ് റിയാലിറ്റി ഷോയില്‍, 12 മലയാളി കുടുംബങ്ങളാണ് പങ്കെടുക്കുന്നത്. 

ഒരു കുടുംബത്തിലെ രണ്ടംഗങ്ങള്‍ ചേരുന്നതാണ് ഓരോ ടീമും. വിവിധ റൗണ്ടുകളിലൂടെയുള്ള ടീമുകളുടെ പാചക പരീക്ഷണങ്ങളും, അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഷോയെ രസകരമാക്കും. പതിവ് ശൈലികളില്‍ നിന്ന് മാറി പുത്തന്‍ രുചിക്കൂട്ടുകള്‍ക്ക് പ്രധാന്യം നല്‍കുന്ന ഷോ ഉള്ളടക്കത്തിനാലും ചിത്രീകരണ മികവിനാലും വേറിട്ടൊരു അനുഭവമാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. 

ലഭിച്ച നിരവധി എന്‍ട്രികളില്‍ നിന്നും ഓണ്‍ലൈന്‍ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് ഈ റിയാലിറ്റി ഷോയ്ക്ക് യോഗ്യത നേടിയത്. ദുബൈയില്‍ കണ്‍സള്‍ട്ടന്റായ സെലിബ്രിറ്റി ഷെഫ് സിനു ചന്ദ്രന്‍ ജഡ്ജായി എത്തുന്ന ഷോയുടെ അവതാരക ഷാരു വര്‍ഗീസാണ്. സോഷ്യല്‍ മീഡിയ സെന്‍സേഷനായ ജുമാന ഖാന്റെ സാന്നിധ്യവും ഫാമിലി കുക്ക് ഓഫ് സീസണ്‍ 2വിന്റെ പ്രത്യേകതയാണ്. ശനിയാഴ്ചകളില്‍ രാത്രി 9.30ന് സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ പുനഃസംപ്രേക്ഷണം ഞായറാഴ്ച രാത്രി 9.30നാണ്.