വെള്ളിയാഴ്ച വൈകുന്നേരമാണ് ഇംഗ്ലീഷ് സംസാരിക്കുന്ന യുവാവ് ചരിത്ര സ്‍മാരകത്തെ അനാദരിക്കുന്ന തരത്തില്‍ കാമുകിയുടെ പേരെഴുതിയത്. ആ സമയത്ത് സമീപമുണ്ടായിരുന്ന മറ്റ് ചില സഞ്ചാരികള്‍ ഇത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 

റോം: രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള ഇറ്റലിയിലെ ചരിത്ര സ്‍മാരകമായ കൊളോസിയത്തില്‍ കാമുകിയുടെ പേര് എഴുതിവെച്ച വിനോദ സഞ്ചാരിക്കായി അന്വേഷണം തുടങ്ങി. കൈയിലുണ്ടായിരുന്ന താക്കോല്‍ കൊണ്ട് യുവാവ്'ഇവാന്‍ + ഹെയ്‍ലി 23' എന്നാണ് കൊളോസിയത്തിന്റെ ഭിത്തിയില്‍ എഴുതിയത്. സംഭവത്തില്‍ ഇറ്റാലിയന്‍ അധികൃതര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയയിലും യുവാവിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരമാണ് ഇംഗ്ലീഷ് സംസാരിക്കുന്ന യുവാവ് ചരിത്ര സ്‍മാരകത്തെ അനാദരിക്കുന്ന തരത്തില്‍ കാമുകിയുടെ പേരെഴുതിയത്. ആ സമയത്ത് സമീപമുണ്ടായിരുന്ന മറ്റ് ചില സഞ്ചാരികള്‍ ഇത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നതും യുവാവിനായി അന്വേഷണം തുടങ്ങിയതും. ഇയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സംശയങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്.

പിടിക്കപ്പെട്ടാല്‍ തടുത്ത ശിക്ഷയാണ് യുവാവിനെ കാത്തിരിക്കുന്നത്. കുറഞ്ഞത് 15,000 യൂറോ (13 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഇറ്റയിലെ സാംസ്‍കാരിക മന്ത്രി ജെന്നാരോ സാന്‍ഗുലിയാനോ വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്‍തു കൊണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവം ഗുരുതരമാണെന്നും സംസ്കാര ശൂന്യമായ പ്രവൃത്തിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ചെയ്തത് ആരാണെങ്കിലും അയാളെ കണ്ടെത്തി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇറ്റലിയിലെ ടൂറിസം മന്ത്രിയും കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തി.

എന്നാല്‍ ഇതിന് മുമ്പും കൊളോസിയത്തില്‍ ടൂറിസ്റ്റുകളുടെ ഭാഗത്തു നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട്. 2020 സെപ്റ്റംബറില്‍ 32 വയസുകാരനായ യുവാവ് തന്റെ പേരിന്റെ ആദ്യ അക്ഷരം ഒരു തൂണില്‍ വരിച്ചുവെച്ചതിന് പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്‍തിരുന്നു. തൊട്ടടുത്ത മാസം 14 വയസുകാരിയായ ഒരു ജര്‍മന്‍ പെണ്‍കുട്ടിയും ഇതേ കുറ്റത്തിന് പിടിയിലായി.

Read also: കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയിൽ ഇന്ത്യൻ വംശജയ്‍ക്ക് തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player