റിയാദ്: സൗദി അറേബ്യയുടെ ചില പ്രവിശ്യകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന പ്രചാരണം തള്ളി ആരോഗ്യമന്ത്രാലയം. രോഗബാധിതരുടെ എണ്ണം ഉയരുകയാണെങ്കില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികളില്‍ മാറ്റം വരുത്തിയേക്കും. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രീതിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ഡോക്ടര്‍ അബ്ദുള്ള അസീരി പറഞ്ഞു. മറ്റെല്ലാ രാജ്യങ്ങളെ പോലെ സൗദിയിലും കൊവിഡ് തിരിച്ചുവരുമെന്ന സൂചനകളുണ്ട്. ചില പ്രവിശ്യകളില്‍ പോസിറ്റീവ് കേസുകള്‍ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്നും രാജ്യം ഇപ്പോഴും ആദ്യ ഘട്ടത്തെയാണ് നേരിടുന്നതെന്നും ഡോ. അസീരി വ്യക്തമാക്കി. സൗദിയില്‍ രണ്ടാം ഘട്ട രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.