മാതാപിതാക്കളെ കാണാതെ തെരുവില്‍ കരഞ്ഞു കൊണ്ട് നിന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍  മുഹമ്മദ് അല്‍ നുഐമി പറഞ്ഞു.

അജ്മാന്‍: യുഎഇയിലെ(UAE) അജ്മാനില്‍(Ajman) മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ട ആറു വയസ്സുകാരനെ കണ്ടെത്തി, തിരികെ ഏല്‍പ്പിച്ച് അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വിഭാഗം (Ajman Municipality and Planning Department)അധികൃതര്‍. അജ്മാനിലെ അല്‍ ആലിയ ഏരിയയില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അജ്മാന്‍ പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി, കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയ ശേഷം ആറു വയസ്സുകാരനെ സുരക്ഷിതമായി പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. മാതാപിതാക്കളെ കാണാതെ തെരുവില്‍ കരഞ്ഞു കൊണ്ട് നിന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാ പരിഗണനകളും നല്‍കി ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ റെക്കോര്‍ഡ് സമയത്തില്‍ കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വിഭാഗം അടുത്തിടെ ഒരു മോണിറ്ററിങ് സംഘത്തിന് രൂപം നല്‍കിയതായും എമിറേറ്റിലെ പൊതുകാര്യങ്ങള്‍ നിരീക്ഷിക്കാനും അടിയന്തര കേസുകള്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് കൈകാര്യം ചെയ്യാനുമാണിതെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച 33 ഇന്‍സ്‌പെക്ടര്‍മാരാണ് സംഘത്തിലുള്ളത്. നിരവധി കേസുകള്‍ പരിഹരിച്ച്, വളരെ ചെറിയ കാലയളവില്‍ തന്നെ സംഘത്തിന് ഒട്ടേറെ വിജയങ്ങള്‍ നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.