റിയാദ്: റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ റോഡുകളിലെ നിശ്ചിത ട്രാക്കുകള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം ബുധനാഴ്ച മുതല്‍. റോഡുകളില്‍ വിവിധ വേഗതകള്‍ക്കും വിവിധതരം വാഹനങ്ങള്‍ക്കുമായി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകള്‍ ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്ന സംവിധാനമാണിത്. ട്രാഫിക്ക് സുരക്ഷ കണക്കിലെടുത്താണ് നടപടി.

സൗദി സാങ്കേതിക സുരക്ഷാകമ്പനി വികസിപ്പിച്ച 'തഹകും' എന്ന സംവിധാനമാണ് ഇതിനായി റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡുകളിലെ ഈ നിശ്ചിത ട്രാക്കുകള്‍ ലംഘിച്ച് വാഹനമോടിക്കുന്നത് നിയമലംഘനമാണ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 300 റിയാലിനും 500 റിയാലിനുമിടയിലായിരിക്കും പിഴ. ഒരു ട്രാക്കില്‍ നിന്ന് മറ്റൊന്നിലേക്ക് മാറണമെങ്കില്‍ എന്തുചെയ്യണമെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു. അപകടമുണ്ടാകില്ലെന്ന് ഡ്രൈവര്‍ ആദ്യം ഉറപ്പാക്കണം. മറ്റ് ട്രാക്കുകളില്‍ വാഹനങ്ങളൊന്നുമില്ലെന്നും ഉറപ്പുവരുത്തണം. മാറുന്നതിന് മുമ്പ് മതിയായ സമയത്തേക്ക് സിഗ്‌നലുകള്‍ നല്‍കണം.