റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം ശരാശരി 4.5 ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 472 കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ആഗോള കണ്‍സള്‍ട്ടിങ് കമ്പനിയായ മെര്‍സര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഈ വര്‍ഷവും സൗദിയിലെ കമ്പനികള്‍ ശരാശരി 4.5 ശതമാനം ശമ്പള വര്‍ദ്ധനവാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. 

ലൈഫ് സയന്‍സ് ഇന്‍സസ്ട്രികളിലായിരിക്കും ഏറ്റവും കൂടുതല്‍ ശമ്പള വര്‍ദ്ധനവെന്നും സര്‍വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ശരാശരി അഞ്ച് ശതമാനം ശമ്പളം കൂടും. ലൈഫ് സയന്‍സിനൊപ്പം ഹൈടെക് വ്യവസായ മേഖലയിലും കാര്യമായ ശമ്പള വര്‍ദ്ധനവ് ലഭിക്കുമ്പോള്‍ ഊര്‍ജ രംഗത്ത് 3.5 ശതമാനമായിരിക്കും വര്‍ദ്ധനവ്. ഈ വര്‍ഷം മൂന്ന് ശതമാനമായിരുന്നു ഊര്‍ജ മേഖലയിലെ സ്ഥാപനങ്ങളിലെ ശരാശരി ശമ്പള വര്‍ദ്ധനവ്. എക്സിക്യൂട്ടീവ്, മാനേജര്‍ തസ്തികകളിലുള്ളവര്‍ക്കാണ് കാര്യമായ വേതനവര്‍ദ്ധനവ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നതിന്റെ തെളിവാണ് വലിയൊരു വിഭാഗം തൊഴിലുടമകള്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതെന്ന് മെര്‍സര്‍ കരിയര്‍ പ്രൊഡക്ട്സ് ലീഡര്‍ ബസീം സമറ പറഞ്ഞു. അടിസ്ഥാന ശമ്പളം എല്ലാ വര്‍ഷവും വര്‍ദ്ധിക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെ നിര്‍ണായക പദവികളില്‍ സ്വദേശികള്‍ എത്തുന്നതും സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രവളര്‍ച്ചയ്ക്ക് കാരണമായി സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.