Asianet News MalayalamAsianet News Malayalam

കൊവിഡ് - 19 ജാഗ്രത; സുപ്രധാന നിര്‍ദേശവുമായി യുഎഇ കേന്ദ്ര ബാങ്ക്

നോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തിന് സാധ്യത കൂടുതലായതിനാലാണ് യുഎഇ കേന്ദ്ര ബാങ്കിന്റെ ഇത്തരമൊരു നിര്‍ദേശം. ഇതോടൊപ്പം പൊതുജനങ്ങള്‍ ബാങ്ക് ശാഖകളില്‍ നേരിട്ട് പോകുന്നത് പരമാവധി ഒഴിവാക്കണം. 

Avoid cash use contactless payments UAE central bank issues directions
Author
Abu Dhabi - United Arab Emirates, First Published Mar 19, 2020, 6:57 PM IST

അബുദാബി: കൊവിഡ് 19നെതിരായ ജാഗ്രതാ നടപടികളുടെ ഭാഗമായി ജനങ്ങള്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് യുഎഇ കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. നോട്ടുകള്‍ക്ക് പകരം കോണ്‍ടാക്ട് ലെസ് പേയ്മെന്റോ മൊബൈല്‍ പേയ്മെന്റോ ഉപയോഗിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. അതേസമയം അവസരം മുതലെടുത്ത് തട്ടിപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.

നോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തിന് സാധ്യത കൂടുതലായതിനാലാണ് യുഎഇ കേന്ദ്ര ബാങ്കിന്റെ ഇത്തരമൊരു നിര്‍ദേശം. ഇതോടൊപ്പം പൊതുജനങ്ങള്‍ ബാങ്ക് ശാഖകളില്‍ നേരിട്ട് പോകുന്നത് പരമാവധി ഒഴിവാക്കണം. ഇതിന് പകരം ബാങ്കുകളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാം. മിക്ക കടകളിലും കോണ്‍ടാക്ട് ലെസ് പേയ്മെന്റ് സംവിധാനം ഉപയോഗിക്കാന്‍ കഴിയും. ഇതിലൂടെ പേയ്മെന്റ് ടെര്‍മിനലില്‍ സ്പര്‍ശിക്കാതെയും കറന്‍സി നോട്ടുകള്‍ പരസ്പരം കൈമാറാതെയും ഇടപാടുകള്‍ നടത്താനാവും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെ സ്മാര്‍ട്ട്ഫോണുകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മൊബൈല്‍ പേയ്മെന്റുകളും ഉപയോഗിക്കാം. 

അതേസമയം അവസരം മുതലെടുത്ത് തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയകരമായ സന്ദേശങ്ങളെ സൂക്ഷിക്കണം. കൊറോണ വൈറസ് ജാഗ്രതയുടെ പേരില്‍ ബാങ്കില്‍ നിന്നെന്ന വ്യാജേന തട്ടിപ്പുകാരുടെ സന്ദേശങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരു സാഹചര്യത്തിലും ബാങ്കുകള്‍ ഉപഭോക്താക്കളുടെ പിന്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയില്ലെന്നും അധികൃതര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios