ശരീരത്തിലുടനീളം പോറലുകളും മുറിവുകളുമുണ്ടായിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാര്‍ജ: ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നവജാത ശിശു മരിച്ച സംഭവത്തില്‍ ഷാര്‍ജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. തലയ്‍ക്കും മറ്റ് ശരീര ഭാഗങ്ങളിലും സാരമായ പരിക്കുകളോടെയാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഷാര്‍ജയിലെ ഒരു ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഈ മാസം 18നാണ് സംഭവം നടന്നത്. അല്‍ ഖാസിമി ആശുപത്രിയില്‍ കൊണ്ടുവന്ന കുഞ്ഞിന്റെ തലച്ചോറിന് സംഭവിച്ച പരിക്ക് ഗുരുതരമായിരുന്നു. ശരീരത്തിലുടനീളം പോറലുകളും മുറിവുകളുമുണ്ടായിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുഞ്ഞ് അബദ്ധത്തില്‍ കട്ടിലില്‍ നിന്ന് വീണുവെന്നാണ് അമ്മയും അമ്മൂമ്മയും ആശുപത്രി അധികൃതരോടും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞത്. എന്നാല്‍ പരിക്കുകളുടെ സ്വഭാവം പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ സംശയം തോന്നി. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ മര്‍ദിച്ചിട്ടുണ്ടാകാമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. കൈയിലും ശരീരത്തില്‍ പലയിടങ്ങളിലും പരിക്കുകളുണ്ടായിരുന്നു. ഒപ്പം തലയില്‍ ഒരു വലിയ മുഴയും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരമുള്ള എന്തോ ഒരു വസ്‍തു ഉപയോഗിച്ച് അടിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി പരിക്കുകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ വാസിത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്‍തു. യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താനായി ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ പൊലീസ് കാത്തിരിക്കുകയാണ്.
കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരിയെ കുത്തിക്കൊന്ന സുഹൃത്തിന്റെ വധശിക്ഷ ശരിവെച്ചു
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരിയെ കുത്തിക്കൊന്ന കേസില്‍ സുഹൃത്തിന്റെ വധശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു. ഒപ്പം ജോലി ചെയ്‍തിരുന്ന എത്യോപ്യന്‍ സ്വദേശിനിയെ തൂക്കിക്കൊല്ലാനാണ് നേരത്തെ വിചാരണ കോടതി വിധിച്ചിരുന്നത്. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ശിക്ഷ ശരിവെയ്‍ക്കുകയായിരുന്നു.
ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്‍തിരുന്ന രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2021ലെ റമദാന്‍ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലെ വീട്ടില്‍ വെച്ച് എത്യേപ്യന്‍ സ്വദേശിനി, ഒപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരിയെ കുത്തിക്കൊല്ലുകയായിരുന്നു.
ഗാര്‍ഹിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് വീട്ടുടമയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചത്. തന്റെ വീട്ടിലെ രണ്ട് ജോലിക്കാരികള്‍ തമ്മില്‍ അടിപിടിയുണ്ടായെന്നും ഒരാള്‍ കൊല്ലപ്പെട്ടെന്നും അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍, നോമ്പ് തുറക്കുന്ന സമയത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് പൊലീസിന് ലഭിച്ചത്.
ഫര്‍വാനിയ സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അല്‍ ബലാഗ് പ്രദേശത്തു നിന്ന് അറസ്റ്റ് ചെയ്‍തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലപാതകം നടത്തിയ കാര്യം സമ്മതിച്ചു. അടുക്കളയിലെ ജോലികള്‍ ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇവര്‍ ആദ്യ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെച്ചു.
