ഏറെ സന്തോഷം നല്‍കുന്നതാണ് അവാര്‍ഡെന്നും തങ്ങളുടെ  ആരോഗ്യം ഞങ്ങളുടെ കൈകളിൽ വിശ്വാസത്തോടെ ഏൽപ്പിച്ച  രോഗികൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അവാർഡ് സ്വീകരിച്ച ശേഷം ബദർ അല്‍ സമ മാനേജിംഗ് ഡയറക്ടര്‍മാരായ അബ്‌ദുല്‍  ലത്തീഫും, ഡോ:  മുഹമ്മദ് പി.എയും പറഞ്ഞു.

മസ്‍കത്ത്: ആരോഗ്യ, ആതുര സേവന രംഗത്ത് ഒമാന്റെ ഏറ്റവും വിശ്വസ്‍ത ബ്രാന്‍ഡ് അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയു സ്വന്തമാക്കി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്‍പിറ്റൽസ്. ഒമാൻ ഊര്‍ജ, ധാതു മന്ത്രി ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹിയുടെ പക്കൽ നിന്നും ബദർ അൽ സമാ മാനേജിംഗ് ഡയറക്ടര്‍മാരായ അബ്‌ദുല്‍ ലത്തീഫും, ഡോ: മുഹമ്മദ് പി.എയും അവാര്‍ഡ് ഏറ്റുവാങ്ങി.

ബദർ അല്‍ സമാ ചീഫ് മാർക്കറ്റിങ് ഓഫീസർ ദേവസ്യ കെ.ഒ, മാർക്കറ്റിംഗ് മാനേജർ ഷിംജിത് എൻ.കെ , ബ്രാൻഡിങ് മേധാവി ആസിഫ് ഷാ എന്നിവരും സന്നിഹിതരായിരുന്നു. ഉപഭോക്താക്കളുടെ വിശ്വാസം നേടുന്ന ബ്രാന്‍ഡുകള്‍ക്ക് രാജ്യത്തെ മുന്‍നിര പ്രസിദ്ധീകരണ സ്ഥാപനമായ അപെക്‌സ് മീഡിയയാണ് ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡ് എന്ന അവാര്‍ഡ് നല്‍കുന്നത്. വോട്ടിങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുന്നത്.

ഏറെ സന്തോഷം നല്‍കുന്നതാണ് അവാര്‍ഡെന്നും തങ്ങളുടെ ആരോഗ്യം ഞങ്ങളുടെ കൈകളിൽ വിശ്വാസത്തോടെ ഏൽപ്പിച്ച രോഗികൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അവാർഡ് സ്വീകരിച്ച ശേഷം ബദർ അല്‍ സമ മാനേജിംഗ് ഡയറക്ടര്‍മാരായ അബ്‌ദുല്‍ ലത്തീഫും, ഡോ: മുഹമ്മദ് പി.എയും പറഞ്ഞു. ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്‍പിറ്റൽസ് ഒമാനിൽ പ്രവർത്തനമാരംഭിച്ചിട്ട് 20 വര്‍ഷം പിന്നിടുന്ന ഈ അവസരത്തിൽ തുടര്‍ച്ചയായി അഞ്ചാം തവണയും അവാര്‍ഡ് നേടുന്നതിന് വലിയ പ്രത്യേകതയുണ്ടെന്നും ഇരുവരും കൂട്ടിച്ചേർത്തു.

ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മസ്‍കത്ത് നഗരസഭയുമായും മറ്റു സാമൂഹിക സംഘടനകളുമായി ചേർന്ന് നിരവധി സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് ബദർ അല്‍ സമാ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കെ.ഒ ദേവസ്യ അവാർഡ് ചടങ്ങിൽ പങ്കെടുക്കവേ മാധ്യമങ്ങളെ അറിയിച്ചു.