ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേര്‍ന്നതോടെയാണ് ബഹ്റൈൻ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
മനാമ: മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സുപ്രധാന നടപടികളുമായി ബഹ്റൈൻ. സ്കൂളുകളില്‍ വിദൂര പഠനം പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ബഹ്റൈന്‍ തീരുമാനം അറിയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാകും ക്ലാസുകള്‍ നടത്തുക. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേര്‍ന്നതോടെയാണ് ബഹ്റൈനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയത്.
കിന്‍റര്‍ഗാര്‍ട്ടനുകളും സ്കൂളുകളും യൂണിവേഴ്സിറ്റികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠനമാകും നടപ്പിലാക്കുക. 70 സർക്കാർ ജോലികൾ വര്‍ക്ക് ഫ്രം ഹോം (വിദൂര ജോലി) ആക്കി.അടിയന്തര സാഹചര്യങ്ങളില്‍ ജോലിസ്ഥലത്ത് ജീവനക്കാര്‍ ഉണ്ടാകേണ്ട പ്രത്യേക ജോലികളെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൗരന്മാരും താമസക്കാരും കഴിവതും യാത്ര ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യാൻ പ്രധാന റോഡുകൾ ഉപയോഗിക്കണമെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശം. പ്രധാന റോഡുകളില്‍ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നല്‍കും.
ഇറാനെതിരായ അമേരിക്കന്‍ ആക്രമണത്തിൽ പശ്ചിമേഷ്യയിലാകെ ആശങ്ക കനക്കുകയാണ്. ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ബി 2 ബോംബർ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ദൗത്യം വിജയകരമെന്നാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നൽകിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

