മനാമ: ബിസിനസ് പങ്കാളിയായ ബഹ്റൈന്‍ പൗരനെ കബളിപ്പിച്ച് 47,000 ദിനാറോളം (85 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുത്ത് മലയാളി യുവാവ് നാട്ടിലേക്ക് കടന്നതായി പരാതി. നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ബഹ്റൈന്‍ പൗരന്‍ യാസര്‍ മുഹമ്മദ് ഖംബര്‍ എന്നയാളാണ് ഇന്നലെ മുഹറഖില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇസ ടൗണിലെ ഒരു ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ പര്‍ച്ചേയ്സ് മാനേജരായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി സുനിലാബ് എന്നയാള്‍ തന്നെ കബളിപ്പിച്ച് നാട്ടിലേക്ക് കടന്നതായി യാസര്‍ ആരോപിച്ചു.

മലയാളികളടക്കമുള്ള നിരവധി നിക്ഷേപകരുടെ ബിസിനസുകളില്‍ പങ്കാളിയായ യാസര്‍ 2016ലാണ് ഇസാ ടൗണിലെ ഇലക്ട്രിക്കല്‍ സ്ഥാപനം ആരംഭിച്ചത്. പിന്നീട് മനാമയില്‍ ഇതേ സ്ഥാപനത്തിന്റെ ഒരു ശാഖയും ആരംഭിച്ചു. സുനിലാബിനായിരുന്നു സ്ഥാപനത്തിന്റെ മേല്‍നോട്ട ചുമതല. യാസര്‍ ഒപ്പിട്ട പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍  നല്‍കിയായിരുന്നു പലപ്പോഴും സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഇത് ഒഴിവാക്കാനായി സ്ഥാപനം ഡബ്ല്യൂ.എല്‍.എല്‍ കമ്പനിയാക്കി മാറ്റാന്‍ പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞ് സുനിലാബ് അത് മാറ്റിവെയ്ക്കുകയായിരുന്നു. മലയാളികളായ നിരവധി പേര്‍ തന്റെ സ്ഥാപനങ്ങള്‍ പ്രശ്നമൊന്നുമില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനാല്‍ ഇയാളെയും വിശ്വസിച്ചു.

മൂന്ന് വര്‍ഷം പ്രശ്നങ്ങളൊന്നുമില്ലാതെ പോയിരുന്ന കമ്പനിയില്‍, നാലാം വര്‍ഷമാണ് ഒരു സ്ഥാപനത്തിന് നല്‍കിയ ചെക്ക് മടങ്ങിയത്. ഇതോടെ  താന്‍ ഒപ്പിട്ട ചെക്കുകള്‍ കൊടുക്കുന്നത് യാസര്‍ അവസാനിപ്പിച്ചു. കൈവശമുള്ള എല്ലാ ചെക്കുകളും തിരികെ എല്‍പ്പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ മേയ് 23ന് സുനിലാബ് തന്നെ അറിയിക്കാതെ നാട്ടിലേക്ക് മടങ്ങി. ഇതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് താന്‍ ഒപ്പിട്ട 47,000 ദിനാറിന്റെ ചെക്കുകള്‍ പല സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതായി കണ്ടെത്തിയത്.

ഇങ്ങനെ വാങ്ങിയ സാധനങ്ങള്‍ സുനിലാബ് കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു. തൊട്ടടുത്ത കടയിലെ സെയില്‍സ്‍‍മാനെ വിശ്വസിപ്പിച്ച് 5000 ദിനാറിന്റെ ഇലക്ട്രിക്കല്‍ കേബിളുകള്‍ വാങ്ങി കരിഞ്ചന്തയില്‍ വിറ്റു. കടയിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ പലതും മറിച്ചുവിറ്റ് പണം വാങ്ങി. എല്ലാം കൂടി 60,000 ദിനാറിന്റെ ബാധ്യത (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വരുത്തിവെച്ചാണ് സുനിലാബ് നാട്ടിലേക്ക് മടങ്ങിയത്. പരമാവധി പണം തട്ടിയെടുത്ത് മുങ്ങാനായാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലായെന്നും ഇത്രയധികം പണത്തിന്റെ ബാധ്യത വന്നപ്പോള്‍ താനും കുടുംബവും തളര്‍ന്നുപോയെന്നും യാസര്‍ പറഞ്ഞു. ഇപ്പോള്‍ വാഹനങ്ങള്‍ പോലും വിറ്റാണ് കടം തീര്‍ത്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്കാരായ ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍ സുനിലാബ് മറ്റൊരു രാജ്യത്തേക്ക് കടന്നുവെന്ന് മനസിലായി. ഇയാളുടെ ബന്ധുക്കള്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. ബഹ്റൈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ തിരികെ ബഹ്റൈനില്‍ വന്ന് തവണകളായെങ്കിലും തന്റെ പണം തിരികെ നല്‍കാന്‍ തയ്യാറായാല്‍ പരാതി പിന്‍വലിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്നും യാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബഹ്റൈനില്‍ ബിസിനസ് നടത്തുന്ന ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ ഇത്തരക്കാര്‍ വലിയ അപമാനമാണുണ്ടാക്കുന്നതെന്ന് യാസറിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ മറ്റ് പ്രവാസികള്‍ പറഞ്ഞു. നിരവധി പ്രവാസികളുടെ ബിസിനസ് ഉടമയായും ബിസിനസ് പങ്കാളിയായും പ്രവര്‍ത്തിക്കുന്ന യാസറിനെ ചതിക്കുക വഴി എല്ലാ മലയാളികളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.