മനാമ:  രാജ്യം പൂര്‍ണമായി അടച്ചിടാതെ തന്നെ കൊറോണ വൈറസ് വ്യാപനം തടയാനായത് വന്‍ നേട്ടമെന്ന് ബഹ്‌റൈന്‍. എയര്‍പോര്‍ട്ട് അടക്കുകയോ പുറത്ത് നിന്നുളള വരവ് തടയുകയോ ചെയ്യാതെ വൈറസ് വ്യാപനം തടഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കോറോണക്കെതിരെയുളള നാഷനല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചികിത്സാ രംഗത്ത് കര്‍മ്മനിരതരായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു പോലും വൈറസ് ബാധിച്ചില്ലെന്നത് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ആരോഗ്യ മന്ത്രി ഫായിഖ ബിന്‍ത് സഈദ് അഭിപ്രായപ്പെട്ടു.

ഓരോ രാജ്യവും അവരവരുടെ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ക്കനുസരിച്ചാണ് തീരുമാനമെടുക്കുക. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതെ തന്നെ വൈറസിനെ പ്രതിരോധിക്കാന്‍ ബഹ്‌റൈന് സാദ്ധ്യമായിട്ടുണ്ട്. ഫെബ്രുവരില്‍ തന്നെ ഇതിനുളള തയ്യാറെടുപ്പുകള്‍ നടത്തിയതു കൊണ്ടാണ് ഇത് സാദ്ധ്യമായത്. ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷമുളള അഞ്ചാഴ്ചയിലെ പ്രവര്‍ത്തനം പൂര്‍ണമായും ഫലവത്താണ്. ആദ്യത്തെ ആഴ്ചയില്‍ 48 കേസുകളുണ്ടായിരുന്നത് മൂന്നും നാലും ആഴ്ചകളില്‍ 117 ഉയര്‍ന്നു. ഇറാനുള്‍പ്പെടെയുളള രാജ്യങ്ങളില്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടു വന്നവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ എണ്ണം. ഇത് തികച്ചും സ്വഭാവികമാണ്.

അഞ്ചാമത്തെ ആഴ്ചയില്‍ പുതിയ കേസുകളുടെ എണ്ണം 80 മാത്രമാണ്. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് കൊണ്ടുവന്ന 60 പേരില്‍ 18 പേര്‍ക്ക് വൈറസ് ബാധയുണ്ടായിരുന്നു. ബഹ്‌റൈന്‍ വൈറസിനെ നിയന്തിക്കുന്ന ഘട്ടത്തില്‍ നിന്ന് കുറയ്ക്കുന്ന ഘട്ടത്തിലെത്തി കഴിഞ്ഞു. ഉടന്‍ വൈറസിനെ ഇല്ലാതാക്കുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ടീമംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ.മനാഫ് അല്‍ ഖഥാനി അറിയിച്ചു. വൈറസ് ടെസ്റ്റ് നടത്തിയവര്‍ക്ക് അതിന്റെ ഫലം ഓണ്‍ ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ടീമംഗം ഡോ. ജമീല സല്‍മാന്‍ പറഞ്ഞു.

പരമാവധി വീട്ടില്‍ കഴിയുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിച്ചാല്‍ മാത്രമെ വൈറസിനെ പൂര്‍ണമായി പ്രതിരോധിക്കാനാകൂ. ആവശ്യമായ ഭക്ഷ്യവസ്തുക്കളും മരുന്നും രാജ്യത്ത് സ്റ്റോക്കുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അടിയന്തിര ഘട്ടമുണ്ടായാല്‍ നേരിടാനാവശ്യമായത്ര ആരോഗ്യ പ്രവര്‍ത്തകര്‍,  സൗകര്യങ്ങള്‍ തുടങ്ങിയവ രാജ്യത്തൊരുക്കിയിട്ടുണ്ട്. പ്രത്യേകമൊരുക്കിയ ഐസോലേഷന്‍ വാര്‍ഡ്, ബെഡ് എന്നിവയുടെ 10 ശതമാനം മാത്രമാണ് നിലവില്‍ ഉപയോഗിച്ചിട്ടുളളതെന്നും അവര്‍ അറിയിച്ചു.