മനാമ: ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി. ഹെല്‍ത്ത് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്‍സാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങുകയാണെന്നും രോഗികളുടെ എണ്ണം കുറയുന്ന ഇപ്പോഴത്തെ പ്രവണത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ടാസ്‍ക് ഫോഴ്‍സ് വിലയിരുത്തി.

ഷോപ്പിങ് മാളുകള്‍, കൊമേഴ്സ്യല്‍ ഷോപ്പുകള്‍, ജിംനേഷ്യം, സ്‍പോര്‍ട്സ് ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സിനിമാ തീയറ്ററുകള്‍, സലൂണ്‍, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയ്‍ക്കെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്.