മനാമ: സ്വദേശിയുടെ മരണം കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെടുത്തി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. 53കാരനായ വ്യക്തിയുടെ മരണം കൊവിഡ് വാക്‌സിനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മന്ത്രാലയം പൂര്‍ണമായും നിഷേധിച്ചു.

പെട്ടെന്നുണ്ടായ ഹൃദയാഘാതവും അതേ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതമാണ് ഇദ്ദേഹത്തിന്റെ മരണകാരണമായതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഈ മരണത്തെ  കൊവിഡ് വാക്‌സിനുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് പൂര്‍ണമായും വ്യാജവാര്‍ത്തയാണെന്നും നേരത്തെ തന്നെ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമെ വിശ്വസിക്കാവൂ എന്നും മന്ത്രാലയം ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.