മനാമ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

18 വയസ്സിന് മുകളില്‍ പ്രായമുള്ള 6,000 പൗരന്മാരിലും താമസക്കാരിലുമാണ് ക്ലിനിക്കല്‍ ട്രയല്‍ നടത്തുക. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രത്യേക കേന്ദ്രത്തിലാണ് ട്രയല്‍ നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളില്‍ കേന്ദ്രത്തില്‍ ഹാജരാകണം. അപേക്ഷകരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഡോക്ടറുടെ സേവനവും ഒരുക്കിയിട്ടുണ്ട്. 

ആരോഗ്യ പരിശോധനയില്‍ യോഗ്യത നേടിയ അപേക്ഷകര്‍ സമ്മതപത്രം ഒപ്പിടണം. പിന്നീട് ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഇതിന് ശേഷമാവും വാക്‌സിന്‍ നല്‍കുക. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ ട്രയല്‍ കേന്ദ്രത്തില്‍ തന്നെ നിരീക്ഷണത്തിനായി തുടരണം. പിന്നീട് മൂന്നാഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തണം. വാക്‌സിന്‍ സ്വീകരിച്ചവരുടെ ആരോഗ്യ സ്ഥിതി അറിയുന്നതിനായി ഒരു സംഘം ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ കൃത്യമായ ഇടവേളകളില്‍ ഫോണിലൂടെ ബന്ധപ്പെടും.