Asianet News MalayalamAsianet News Malayalam

സ്വദേശികള്‍ക്ക് ജോലി നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്ററി കമ്മിറ്റി

സ്വദേശികളെ നിയമിക്കാത്ത തൊഴിലുടമകള്‍ക്ക് 5000 മുതല്‍ 20,000 ദിനാര്‍ വരെ പിഴയും പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ എല്ലാ തൊഴിലുടമകളും സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിലപാട്.

Bahrain parliamentary committee proposes  fine for failing to employ citizens
Author
Manama, First Published Oct 31, 2020, 3:57 PM IST

മനാമ: ബഹ്റൈനില്‍ സ്വദേശികളെ ജോലികള്‍ക്ക് നിയമിക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കി. തൊഴിലുടമകള്‍ സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പ്രയാസമാണെന്നും പുനഃപരിശോധിക്കണമെന്നും തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വദേശികളെ നിയമിക്കാത്ത തൊഴിലുടമകള്‍ക്ക് 5000 മുതല്‍ 20,000 ദിനാര്‍ വരെ പിഴയും പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ എല്ലാ തൊഴിലുടമകളും സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിലപാട്.

താരതമ്യേന വേതനം കുറഞ്ഞ തൊഴിലുകളാണ് പ്രവാസി ജീവനക്കാര്‍ ചെയ്യുന്നതെന്നും ഇത്തരം തൊഴിലുകളോട് പൊതുവെ സ്വദേശികള്‍ വിമുഖത കാണിക്കുന്നവരാണെന്നും മന്ത്രാലയം പറയുന്നു. വിദേശ നിക്ഷേപം കൊണ്ടുവന്ന് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ തൊഴില്‍ പരിശീലനം നല്‍കാനും പദ്ധതിയിടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബഹ്റൈനിലെ പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios