രാജ്യങ്ങളുടെ പുരോഗതിയില്‍ സംസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ലോകത്തിന് പ്രതീക്ഷയാണിതെന്നും ശൈഖ മായി പറഞ്ഞു. 

ദുബൈ: ദുബൈ എക്‌സ്‌പോ 2020ല്‍ ബഹ്‌റൈന്‍ പവലിയന്‍ തുറന്നു. വെള്ളിയാഴ്ചയാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്. ബഹ്‌റൈന്‍ സാംസ്‌കാരിക, പുരാവസ്തു അതോറിറ്റി അധ്യക്ഷ ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയാണ് 'ഡെന്‍സിറ്റി വീവ്‌സ് ഓപ്പര്‍ച്യൂണിറ്റി' എന്ന് പേരിട്ട പവലിയന്‍ ഉദ്ഘാടനം ചെയ്തത്.

ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റാഫ് ഉള്‍പ്പെടെ നിരവധി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ബഹ്‌റൈന്റെ സംസ്‌കാരവും പാരമ്പര്യവും നേട്ടങ്ങളും എടുത്തുകാട്ടുന്നതാണ് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ള പവലിയന്‍. രാജ്യങ്ങളുടെ പുരോഗതിയില്‍ സംസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ലോകത്തിന് പ്രതീക്ഷയാണിതെന്നും ശൈഖ മായി പറഞ്ഞു. 

ലോകമേളയ്ക്ക് തിരി തെളിഞ്ഞു, ഇനി എക്‌സ്പോ നാളുകള്‍; ദുബൈ ഒരുക്കുന്ന വിസ്മയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

രാജ്യാന്തര എക്‌സ്‌പോയുടെ 34-ാം പതിപ്പിനാണ് ഒക്ടോബര്‍ ഒന്നുമുതല്‍ ദുബൈ വേദിയാകുന്നത്. മനസ്സുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക (Connecting Minds, Creating the Future) എന്നതാണ് ദുബൈ എക്‌സ്‌പോ 2020ന്റെ പ്രമേയം. ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടര കോടി സന്ദര്‍ശകരെയാണ് ആറുമാസക്കാലയളവില്‍ എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നത്. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും എക്‌സ്‌പോ സന്ദര്‍ശനത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വെളുപ്പിന് രണ്ട് മണി വരെയാണ് സന്ദര്‍ശന സമയം.