Asianet News MalayalamAsianet News Malayalam

ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാന്‍ ആലോചന

ശമ്പളം കുറയ്‍ക്കുക, സ്വദേശികള്‍ക്കുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ പരിമിതപ്പെടുത്തുക തുടങ്ങിയ സാധ്യതകളാണ് നികുതി ഇരട്ടിയാക്കുന്നതിന് പുറമെ പരിഗണനയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Bahrain to double value added tax to overcome financial set back
Author
Manama, First Published Sep 27, 2021, 11:36 AM IST

മനാമ: ബഹ്റൈനില്‍ (Bahrain) മൂല്യ വര്‍ദ്ധിത നികുതി (Value added tax) വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇപ്പോഴുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എം.പിമാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ സാധ്യതകളിലാണ് നികുതി വര്‍ദ്ധനവുള്ളത്.

ശമ്പളം കുറയ്‍ക്കുക, സ്വദേശികള്‍ക്കുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ പരിമിതപ്പെടുത്തുക തുടങ്ങിയ സാധ്യതകളാണ് നികുതി ഇരട്ടിയാക്കുന്നതിന് പുറമെ പരിഗണനയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിന്റ ഉന്നത പ്രതിനിധി സംഘം ഇത് സംബന്ധിച്ച് എം.പിമാരെയും ശുറാ കൗണ്‍സില്‍ അംഗങ്ങളെയും സന്ദര്‍ശിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തി. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

കുടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയോ അല്ലെങ്കില്‍ കടുത്ത നടപടികളെടുത്ത് മുന്നോട്ടുള്ള മാര്‍ഗം ശരിപ്പെടുത്തുകയോ ആണ് മുന്നിലുള്ള രണ്ട് സാധ്യതകളെന്ന് പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റി ചെയര്‍മാന്‍ മഹ്‍മൂദ് അല്‍ ബഹ്‍റാനി പറഞ്ഞു. നികുതി ഇരട്ടിയാക്കുക, ശമ്പളം കുറയ്‍ക്കുക, ക്ഷേമ പദ്ധതികള്‍ കുറയ്‍ക്കുക എന്നിങ്ങനെ പരിമിതമായ വഴികളേ മുന്നിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നികുതി ഇരട്ടിയാക്കുമ്പോഴും ഇപ്പോള്‍ നികുതി ഇളവ് നല്‍കിയിട്ടുള്ള 94 നിത്യോപയോഗ വസ്‍തുക്കള്‍ക്കും 1400 സര്‍ക്കാര്‍ സേവനങ്ങള്‍ക്കും തുടര്‍ന്നും ഇളവുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios