Asianet News MalayalamAsianet News Malayalam

ബഹ്റൈനിലെ മലയാളികളും ആശ്വാസ തീരത്തേക്ക്: വിമാനം അല്‍പ്പസമയത്തിനകം കൊച്ചിയലെത്തും

ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്. വൈറസ് ബാധയുണ്ടോയെന്നറിയാനുളള പി.സി.ആര്‍ ടെസ്റ്റ് നടത്തിയിട്ടില്ല

bahrain to kochi flight departed with pravasi malayalies
Author
Manama, First Published May 8, 2020, 7:47 PM IST

മനാമ: ബഹ്‌റൈനില്‍ നിന്ന്  പ്രവാസികളുമായി കേരളത്തിലേക്ക് വരുന്ന ആദ്യ വിമാനം പുറപ്പെട്ടു. മുമ്പറിയിച്ചിരുന്ന സമയത്തില്‍ നിന്ന് അരമണിക്കൂറോളം വൈകിയാണ് വിമാനം പറന്നുയര്‍ന്നത്. കൊച്ചിയിലേക്കുളള വിമാനത്തില്‍ 177 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. അഞ്ച് ശിശുക്കളും വിമാനത്തിലുണ്ട്. നാല് മണിക്കൂര്‍ മുമ്പ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്. വൈറസ് ബാധയുണ്ടോയെന്നറിയാനുളള പി.സി.ആര്‍ ടെസ്റ്റ് നടത്തിയിട്ടില്ല. രാത്രി 11.30 ക്കാണ് കൊച്ചിയില്‍ വിമാനമിറങ്ങുക.

എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവരാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചിട്ടുളളത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ തീര്‍ന്നവര്‍ തുടങ്ങിയവര്‍ക്കാണ് തിരിച്ചു പോകാന്‍ അവസരം നല്‍കിയിട്ടുളളത്. യാത്രക്കാരില്‍ 40 ശതമാനത്തോളം സ്ത്രീകളാണ്. ദമ്മാമില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് മുമ്പ് നാട്ടിലെത്തണമെന്നാഗ്രഹവുമായി പത്തനം തിട്ട സ്വദേശി ലത തോമസും ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ട്.

ജോലി രാജിവെച്ച് നാട്ടിലേക്ക് പോകാനിരിക്കവെ വിമാന സര്‍വീസ് റദ്ദാക്കിയതിനാല്‍ കുടുങ്ങിപ്പോയ ചങ്ങനാശ്ശേരി സ്വദേശി നെടുമുടി സുജോ വര്‍ഗീസും കുടുംബവും ഈ വിമാനത്തില്‍ കയറിപ്പറ്റാനായത് ആശ്വാസമായാണ് കരുതുന്നത്.  നാട്ടിലേക്ക് തിരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹ്രസ്വ സന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ വടകര കോട്ടപ്പളളി പ്രമോദ് പറഞ്ഞു. വിമാനത്തിലെ പുറകിലുളള മൂന്ന് നിരയൊഴിച്ചു ബാക്കിയെല്ലാ സീറ്റിലും യാത്രക്കാരുണ്ട്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റിയിരുത്താനാണ് പിന്‍ഭാഗത്തെ ഒമ്പത് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുളളത്. ബഹ്‌റൈനില്‍ നിന്നുളള രണ്ടാമത്തെ വിമാനം തിങ്കളാഴ്ച കോഴിക്കോട്ടേക്കാണ്.

Follow Us:
Download App:
  • android
  • ios