മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഈ വര്‍ഷം അവസാനത്തോടെ ഒഴിവാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പകരം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെയും അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റാനൊരുങ്ങുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം അവസാനത്തോടെ പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉന്നതതല യോഗത്തില്‍ മന്ത്രിമാര്‍ അറിയിച്ചതായി പാര്‍ലമെന്റ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ മംദൂഹ് അല്‍ സാലെഹ് അറിയിച്ചു. ഇതോടൊപ്പം രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികളെ ഡിസംബറോടെ പൂര്‍ണമായും നാടുകടത്തുമെന്ന് തൊഴില്‍-സാമൂഹിക വികസന വകുപ്പ് മന്ത്രി ജമീല്‍ ഹുമൈദാന്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്കൂളുകളിലെ പ്രവാസി അധ്യാപകര്‍ ലക്ഷക്കണക്കിന് ദിനാറാണ് ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നത്. അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ അവരുടെ കരാര്‍ അവസാനിപ്പിക്കുകയും സെപ്തംബറില്‍ പകരം സ്വദേശികളെ നിയമിക്കുകയും വേണം -അല്‍ സലേഹ് പറഞ്ഞു. എല്ലാ പ്രവാസികളെയും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കണം. വിദ്യാഭ്യാസം ഏറ്റവും വലിയ മേഖലയായതിനാല്‍ അതിന് ആദ്യ പരിഗണന നല്‍കണമെന്നും അദ്ദേഹം  പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ പ്രവാസികളെ ഒഴിവാക്കുമെന്ന ഉറപ്പാണ് ലഭിച്ചത്. സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുന്നതിന് പുറമെ ചെലവ് ചുരുക്കുന്നതിനും ഇത് സഹായിക്കും. സ്വകാര്യ മേഖലയിലും സമാനമായ പദ്ധതികള്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും എന്നാല്‍ നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന വാഗ്ദാനം എങ്ങനെ നടപ്പാക്കപ്പെടുമെന്ന് കാത്തിരിക്കുകയാണെന്നും അല്‍ സലേഹ് പറഞ്ഞു.

കൊവിഡ് കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിവനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 4.3 ബില്യനിന്റെ സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ചും അതിന്റെ തുടര്‍നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രവാസികളുടെ കാര്യത്തിലും നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടായത്.