Asianet News MalayalamAsianet News Malayalam

ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമിച്ചയാള്‍ മാനസിക രോഗി; വധിച്ചുവെന്ന് സ്ഥിരീകരണം

റാഞ്ചല്‍ ശ്രമത്തിന് പിന്നില്‍ ആസൂത്രിതമായ മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 25 വയസ് പ്രായമുള്ള മഹ്ദി എന്നയാളാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Bangladeshi hijacker of Dubai bound flight confirmed dead
Author
Chittagong, First Published Feb 25, 2019, 11:15 AM IST

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ വധിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനം റാഞ്ചാനുള്ള ശ്രമം ബംഗ്ലാദേശ് സുരക്ഷാസേന പരാജയപ്പെടുത്തിയതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരിച്ചുവെന്നുമാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

റാഞ്ചല്‍ ശ്രമത്തിന് പിന്നില്‍ ആസൂത്രിതമായ മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 25 വയസ് പ്രായമുള്ള മഹദി എന്നയാളാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടെന്നും പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി സംസാരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു. ഔദ്യോഗിക പരിപാടികള്‍ക്കായി ഞായറാഴ്ച പ്രധാനമന്ത്രി ചിറ്റഗോങിലുണ്ടായിരുന്നെങ്കിലും വിമാനറാഞ്ചല്‍ വാര്‍ത്ത പുറത്തുവരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അവര്‍ ധാക്കയിലേക്ക് തിരിച്ചിരുന്നു.

ഞായറാഴ്ച വൈകുന്നേരം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 147 വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ചിറ്റഗോങ് വഴി ദുബായിലേക്ക് പോവുകയായിരുന്നു. ചിറ്റഗോങില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഇയാള്‍ തോക്കുമായി കോക്പിറ്റിന് സമീപത്തേക്ക് നീങ്ങുകയായിരുന്നു. സഹയാത്രികര്‍ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ പൈലറ്റിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍  വിമാനം 5.40ഓടെ ചിറ്റഗോങ് ഷാ അമാനത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

വിമാനത്തെ ഉടന്‍ തന്നെ കമാന്റോകള്‍ വളഞ്ഞു. 142 യാത്രക്കാരെയും ജീവനക്കാരെയും വൈകുന്നേരം ഏഴ് മണിയോടെ നാല് എമര്‍ജന്‍സി വാതിലുകള്‍ വഴി പുറത്തിറക്കി. അക്രമിയുമായി ഒത്തുതീര്‍പ്പിനുള്ള സമയമുണ്ടായിരുന്നില്ലെന്നും കമാന്റോകള്‍ എത്രയും വേഗം അയാളെ കീഴടക്കുകയായിരുന്നുവെന്നും മേജര്‍ ജനറല്‍ മുതീഉറഹ്മാന്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവെന്നും പിന്നീട് മരിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ അറിയിച്ചത്. തന്റെ പക്കല്‍ സ്ഫോടക വസ്തുക്കളുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വയം പൊട്ടിത്തെറിക്കുമെന്നും ഇയാള്‍ പറ‍ഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios