ഷാര്‍ജ: വിഷ വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച 10 വയസുകാരന്‍ ഖുസൈമയുടെ മരണകാരണമായത് അടുത്ത വീട്ടില്‍ ഉപയോഗിച്ച നിരോധിത കീടനാശിനിയെന്ന് വ്യക്തമായി. അല്‍ നഹ്‍ദയിലാണ് കഴിഞ്ഞ ദിവസം നാലംഗ പാകിസ്ഥാനി കുടുംബം അവശ നിലയില്‍ ചികിത്സ തേടിയത്. അച്ഛനും അമ്മയും മകനും മകളുമടങ്ങുന്ന കുടുംബത്തിലെ മകനാണ് മരണത്തിന് കീഴങ്ങിയത്. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഇവരുടെ വീടും തൊട്ടടുത്ത ഫ്ലാറ്റുകളും പരിശോധിച്ചു. തൊട്ടടുത്ത വീട്ടില്‍ നിന്നാണ് വിഷവാതകം ഇവരുടെ ഫ്ലാറ്റിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ കീടനാശിനി തളിച്ച ശേഷം അവിടുത്തെ താമസക്കാര്‍ അവധി ആഘോഷിക്കാന്‍ രാജ്യം വിടുകയായിരുന്നു. വീടിന്റെ വാതില്‍ പൊളിച്ചാണ് ഉദ്യോഗസ്ഥ സംഘം അകത്ത് കടന്നത്. ജനവാസ മേഖലകളില്‍ നിരോധിച്ചിട്ടുള്ള അലൂമിനിയം ഫോസ്ഫൈഡാണ് ഇവിടെ ഉപയോഗിച്ചത്. ഇത് വ്യക്തികള്‍ക്ക് വിപണിയില്‍ നിന്ന് വാങ്ങാന്‍ കഴിയുന്നതല്ല. ഇത്തരമൊരു കീടനാശിനി എങ്ങനെ വീട്ടിലെത്തിയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മേയ് 23ന് ഖുസൈമയ്ക്കും അച്ഛനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പോവുകയും ഡ്രിപ്പ് നല്‍കുകയും ചെയ്തു. രാത്രിയായതോടെ അമ്മയ്ക്കും അനിയത്തിക്കും കൂടി അസ്വസ്ഥതകള്‍ പ്രകടമായി. അപ്പോഴേക്കും ഖുസൈമയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.  മകനെ വീട്ടിലാക്കിയ ശേഷം മറ്റുള്ളവരെല്ലാം വീണ്ടും ചികിത്സ തേടി. പുലര്‍ച്ചെ അഞ്ച് മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഖുസൈമ ഛര്‍ദിച്ചിരുന്നു. എന്നാല്‍ മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല.

പുലര്‍ച്ചെ ഏഴ് മണിയോടെ വീട്ടിലുള്ളവര്‍ക്ക് വീണ്ടും അസ്വസ്ഥതകള്‍ അനഭവപ്പെട്ടു. മാതാപിതാക്കളുടെ അടുത്തേക്ക് ഓടിവന്ന ഖുസൈമ അവിടെ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരി ഇപ്പോഴും ചികിത്സയിലാണ്. വീട്ടില്‍ ദുര്‍ഗന്ധമോ പുകയോ  ഒന്നും ഇല്ലാതിരുന്നതിനാല്‍ വിഷവാതകം സംബന്ധിച്ച സംശയമൊന്നും തോന്നിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഭക്ഷ്യ വിഷബാധയാവാമെന്നാണ് അധികൃതരും ആദ്യം സംശയിച്ചത്.

അതേസമയം അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസതടസവും ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ട അവസ്ഥയിലുമായിരുന്നു കുട്ടിയെ എത്തിച്ചത്. നില മെച്ചപ്പെട്ടെങ്കിലും ആശുപത്രി വിടാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

നിയമവിരുദ്ധമായി കീടനാശിനികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. 62 കമ്പനികള്‍ക്കാണ് ഷാര്‍ജയില്‍ ലൈസന്‍സുള്ളത്. ഇവയ്ക്ക് പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങളും ഉപയോഗിക്കാന്‍ അനുവാദമുള്ള കീടനീശിനികളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. പരിശോധിച്ച് അംഗീകാരം നല്‍കാത്ത ഒരു കീടനാശിനി പോലും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ അനധികൃത സ്ഥാപനങ്ങള്‍ നിരവധിയുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ഓണ്‍ലൈനായി കീടനാശിനികള്‍ വാങ്ങുന്നവരുമുണ്ട്.  പ്രത്യക അനുമതിയില്ലാതെ ജനവാസ മേഖലകളില്‍ കീടനാശിനികള്‍ സ്പ്ര ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം.