Asianet News MalayalamAsianet News Malayalam

ദുബായ് ബസ് അപകടം; റോഡില്‍ സ്റ്റീല്‍ തൂണ്‍ സ്ഥാപിച്ചതില്‍ പിഴവെന്ന് വാദം

റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Barrier installed in wrong spot caused the accident says lawyer in dubai bus accident
Author
Dubai - United Arab Emirates, First Published Jul 10, 2019, 3:35 PM IST

ദുബായ്: കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടമുണ്ടായത് മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച സ്റ്റീല്‍ തൂണ്‍ കാരണമെന്ന് വാദം. കേസിന്റെ വിചാരണയ്ക്കിടെ ബസ് ഡ്രൈവറുടെ അഭിഭാഷകനാണ് ഈ വാദമുന്നയിച്ചത്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനായി റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. എന്നാല്‍ ജിസിസി മാനദണ്ഡം പാലിച്ചല്ല ഈ തൂണ്‍ സ്ഥാപിച്ചിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മുഹമ്മദ് സൈഫ് അല്‍ തമീമി പറഞ്ഞു.

റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ഇത്തരം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടോ സമാന സ്വഭാവത്തിലുള്ള വസ്തുക്കള്‍ കൊണ്ടോ ആയിരിക്കണമെന്നും സ്റ്റീല്‍ കൊണ്ടാവാന്‍ പാടില്ലെന്നുമാണ് ചട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയില്‍ നിന്നുള്ള വിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേസമയം റോഡില്‍ രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷന്റെ വാദം. തൂണ്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെത്തന്നെ ആദ്യ ബോര്‍ഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ തെറ്റായ പ്രവൃത്തി അപകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് 53കാരനായ ഒമാനി പൗരന്‍ സമ്മതിച്ചതായി ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍  തലവനാണ് അറിയിച്ചത്. ഇതിന് പിന്നാലെ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.  അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിര്‍ഹം  (ഏകദേശം 6.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുണ്ട്. 

മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.  പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും.

ബസ് ഓടിച്ചിരുന്ന 53കാരനായ ഒമാനി പൗരനെതിരായ കേസ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ അടുത്തിടെയാണ് ട്രാഫിക് കോടതിക്ക് കൈമാറിയത്.  17 പേരുടെ മരണത്തിനും 13 പേരുടെ പരിക്കുകള്‍ക്കും കാരണമായ അപകടമുണ്ടാക്കിയതിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കണമെന്നും നഷ്ടപരിഹാരവും ബ്ലഡ് മണിയും നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഏഴ് വര്‍ഷം തടവ് ശിക്ഷക്ക് പുറമെ പിഴയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കണമെന്നാണ് ആവശ്യം.

Follow Us:
Download App:
  • android
  • ios