റിയാദ്: സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കോസ്‍‍വേയിലൂടെ ഇനി ബൈക്കിലും സഞ്ചരിക്കാം. ഇരുചക്ര വാഹനങ്ങൾക്ക് ഇതുവരെ കിങ് ഫഹദ് കോസ്‍‍വേയിൽ അനുമതി നൽകിയിരുന്നില്ല. നിശ്ചിത ഫീസ് ഈടാക്കി അനുമതി നൽകാനാണ് പുതിയ തീരുമാനം.

സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചും ബുധനാഴ്ച മുതൽ ബൈക്ക് സവാരിക്കാർക്ക് സ്വൈര്യ സഞ്ചാരം നടത്താനാകും. 25 റിയാലാണ് ഫീസ്. ഇരുരാജ്യങ്ങളും തമ്മിലെടുത്ത് തീരുമാനമാണിതെന്ന് കോസ്‌വേ സിഇഒ എൻജി. ഇമാദ് അൽമുഹൈസിൻ അറിയിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണി മുതലാണ് മോേട്ടാർ ബൈക്കുകൾക്ക് പ്രവേശനാനുമതി. പരീക്ഷണ ഓട്ടമാണിത്. ബൈക്കിന് ലൈസൻസ്, നമ്പർ പ്ലേറ്റ് എന്നിവ ഉണ്ടാകണം. ആഴ്ചയിൽ മുഴുവൻ ദിവസവും അനുമതിയുണ്ടാകുമെങ്കിലും മഴയും പൊടിക്കാറ്റും പോലെ പ്രതികൂല കാലാവസ്ഥയിൽ തടയും. കോസ്‌വേയിലെ വലത്തേ അറ്റത്തെ ട്രാക്കാണ് ബൈക്കുകാർ ഉപയോഗിക്കേണ്ടത്. കോസ്‌വേയിലെ ഇരുരാജ്യങ്ങളുടെയും അതിർത്തിയിലുള്ള ചെക്ക് പോസ്റ്റിലാണ് ഫീസ് അടയ്ക്കേണ്ടത്. ഹെൽമറ്റ് ധരിക്കണം. അമിത വേഗത പാടില്ല. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്.