ഏഴ് യുവാക്കള്‍ ചേര്‍ന്ന് ജിദ്ദയിലെ കോര്‍ണേഷ് റോഡില്‍ ക്വാഡ് ബൈക്കുകള്‍ ഓടിച്ച് ഭീതിപരത്തുകയായിരുന്നു. റോഡില്‍ തലങ്ങും വിലങ്ങും ബൈക്ക് ഓടിച്ച ഇവര്‍ വലിയ ഗതാഗതക്കുരുക്കുണ്ടാക്കി. ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഇടപെട്ടത്. പ്രതികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. 

ജിദ്ദ: സൗദി അറേബ്യയില്‍ പൊലീസ് ഉദ്ദ്യോഗസ്ഥനെ നടുറോഡില്‍ വെച്ച് ആക്രമിക്കുകയും വാഹനം ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കി. ഏഴ് പ്രതികള്‍ക്കും ജനമദ്ധ്യത്തില്‍ വെച്ച് പരസ്യമായി ചാട്ടവാറടി നല്‍കിയതിന് പുറമെ 80 വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. പൊലീസുകാരനെ ആക്രമിച്ച അതേ സ്ഥലത്ത് കൊണ്ടുവന്നായിരുന്നു ചാട്ടവാറടി നല്‍കിയത്.

2017 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴ് യുവാക്കള്‍ ചേര്‍ന്ന് ജിദ്ദയിലെ കോര്‍ണേഷ് റോഡില്‍ ക്വാഡ് ബൈക്കുകള്‍ ഓടിച്ച് ഭീതിപരത്തുകയായിരുന്നു. റോഡില്‍ തലങ്ങും വിലങ്ങും ബൈക്ക് ഓടിച്ച ഇവര്‍ വലിയ ഗതാഗതക്കുരുക്കുണ്ടാക്കി. ഇതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഇടപെട്ടത്. പ്രതികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് ശേഷം മറ്റൊരാള്‍ ബൈക്കുപയോഗിച്ച് പൊലീസുകാരനെ ഇടിച്ചുവീഴ്ത്തി. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ പൊലീസുകാരനെ രക്ഷിക്കാനെത്തിയപ്പോള്‍ ഇവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞ് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടു. എന്നാല്‍ 25 വയസുകാരനായ ഒരുപ്രതിയെ പ്രദേശത്ത് നിന്നുതന്നെ പിടികൂടാനായി.

അടുത്തുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരു സ്വദേശി വനിത ഈ സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് കണ്ട അധികൃതര്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മക്ക ഗവര്‍ണ്ണറും പൊലീസ് മേധാവിയും അടക്കമുള്ളവര്‍ കേസില്‍ ഇടപെട്ടു. ദിവസങ്ങള്‍ക്കകം തന്നെ കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. വിദേശികളുള്‍പ്പെടെ ഏഴ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് വിചാരണയ്ക്ക് ശേഷം ജിദ്ദ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്ക് 1800 ചാട്ടവാറടിയും രണ്ടാം പ്രതിക്ക് 1600 ചാട്ടവാറടിയും മൂന്നാം പ്രതിക്ക് 1500 അടിയുമാണ് വിധിച്ചത്. മറ്റുള്ളവര്‍ക്ക് 500 ചാട്ടവാറടിയും വിധിച്ചു. പല തവണകളിലായിട്ടായിരിക്കും ഇത് നടപ്പാക്കുക. എല്ലാവരും ചേര്‍ന്ന് 80 വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം വിദേശികളെ നാടുകടത്തും.