അജ്മാന്‍: ന്യൂ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ റഫ്രിജറേറ്ററുകളും എ.സികളും നിര്‍മിക്കുന്ന ഫാക്ടറിയില്‍ തീപ്പിടുത്തം. ചൊവ്വാഴ്‍ച ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തീപ്പിടുത്തമുണ്ടായി അഞ്ച് മിനിറ്റുകള്‍ക്കം സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടം നടന്ന സമയത്ത് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നില്ല. 30 ശതമാനത്തോളം സാധനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.