ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉമ്മു റമൂലില്‍ ഗോഡൗണിന് തീപിടിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു  സംഭവം. സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തീപിടിച്ചത്. പ്രദേശമാകെ കറുത്ത പുക നിറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

രാവിലെ 8.50നാണ് തീപിടുത്തം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. അല്‍ റാഷിദിയ സിവില്‍ ഡിഫന്‍സ് സെന്ററില്‍ നിന്നുള്ള അഗ്നിശമന സേന ഏഴ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അല്‍ ഖുസൈസ്, അല്‍ കറാമ, പോര്‍ട്ട് സഇദ് എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. പ്രാദേശിക സമയം 10.30ഓടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.