Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയ താരത്തിനും സുഹൃത്തിനും ദുബൈയില്‍ ജയില്‍ ശിക്ഷ; ഫോളോവറെ പറ്റിച്ച് പണം തട്ടിയെന്ന് കേസ്

പണം കിട്ടിയ ശേഷവും വാഹനം കൈമാറാതെ യുവതി ഒഴിഞ്ഞുമാറി. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടെന്ന് ഉറപ്പിച്ച യുവാവ് പൊലീസിനെ സമീപിച്ചു.

Blogger and a fried friend jailed for defrauding follower by accepting money in UAE
Author
First Published Jan 25, 2023, 2:49 PM IST

ദുബൈ: സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് നടത്തിയ വനിതാ ബ്ലോഗര്‍ക്കും സുഹൃത്തിനും ദുബൈ കോടതി ശിക്ഷ വിധിച്ചു.  ആഡംബര കാര്‍ വില്‍ക്കാമെന്ന് സമ്മതിച്ച് പണം വാങ്ങുകയും പിന്നീട് കാര്‍ കൈമാറാതെ കബളിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. 1,53,000 ദിര്‍ഹമാണ് ഇവര്‍ ഇങ്ങനെ തട്ടിയെടുത്തത്.

ആഡംബര വാഹനം കുറഞ്ഞ വിലയ്ക്ക് നല്‍കുന്നുവെന്ന് കാണിച്ചുള്ള പരസ്യം സ്‍നാപ്ചാറ്റിലാണ് യുവതി പോസ്റ്റ് ചെയ്തത്. ഇത് കണ്ട് ഒരു ഫോളോവര്‍ വാഹനം വാങ്ങാനായി അവരെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ സമീപിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ ശേഷം അതിലേക്ക് 1,53,000 ദിര്‍ഹം നിക്ഷേപിക്കാനായിരുന്നു താരത്തിന്റെ മറുപടി. വാഹന ഉടമയുടെ സെക്രട്ടറിയുടെ അക്കൗണ്ട് ആണെന്നും പറഞ്ഞു. ഇതനുസരിച്ച് ബാങ്ക് വഴി യുവാവ് പണം അയച്ചുകൊടുത്തു. എന്നാല്‍ പണം കിട്ടിയ ശേഷവും വാഹനം കൈമാറാതെ യുവതി ഒഴിഞ്ഞുമാറി. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടെന്ന് ഉറപ്പിച്ച യുവാവ് പൊലീസിനെ സമീപിച്ചു.

പണം കൈമാറിയതിനുള്ള റെസിപ്റ്റും ഇരുവരും തമ്മില്‍ കാറിന്റെ കച്ചവടം ഉറപ്പിച്ചത് സംബന്ധിച്ച മെസേജുകളുമെല്ലാം ഇയാള്‍ പൊലീസിന് കൈമാറി. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച പൊലീസ് അക്കൗണ്ട് ഉടമയെ കണ്ടെത്തി. തട്ടിപ്പ് നടത്തിയ സോഷ്യല്‍ മീഡിയ താരത്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയായിരുന്നു അക്കൗണ്ട് ഉടമ. പണം ലഭിച്ചിരുന്നുവെന്നും അത് ഉടനെ തന്നെ താരത്തിന് കൈമാറിയെന്നും അക്കൗണ്ട് ഉടമ പറഞ്ഞു. പണം തട്ടിപ്പിലൂടെ ലഭിച്ചതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

നിയമവിരുദ്ധമായി പണം തട്ടിയെടുത്തതിനാണ് താരത്തിനെതിരെ ദുബൈ പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്. തട്ടിപ്പിലൂടെ ലഭിച്ച പണം സൂക്ഷിച്ചതിന് സുഹൃത്തിനെതിരെയും കുറ്റം ചുമത്തി. ഇരുവര്‍ക്കും ദുബൈ കോടതി കഴിഞ്ഞ ദിവസം മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. തട്ടിയെടുത്ത തുകയും അധികമായി പതിനായിരം ദിര്‍ഹവും ഇവര്‍ പിഴ അടയ്ക്കണം. 

Read also: ക്ലാസ് മുറിയിലെ അടിപിടിയില്‍ സഹപാഠിയുടെ മൂക്ക് തകര്‍ന്നു, വിദ്യാര്‍ത്ഥിയുടെ പിതാവിന് പിഴയിട്ട് കോടതി

Latest Videos
Follow Us:
Download App:
  • android
  • ios