Asianet News MalayalamAsianet News Malayalam

അങ്ങ് ഗള്‍ഫിലുമുണ്ട് നെഹ്റുട്രോഫിയുടെ തനിപ്പകര്‍പ്പ്; വള്ളംകളിക്കൊരുങ്ങി റാസല്‍ഖൈമ

യുഎഇയിലെ ഏഴു എമിറേറ്റുകളെയും ഓരോ കരകളായി തിരിച്ചാണ് മത്സരം. പായിപ്പാട് ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ശ്രീഗണേഷ് അങ്ങനെ നമ്മുടെ അഭിമാനമായ ചുണ്ടൻ വള്ളങ്ങളുടെ പേരിലായിരിക്കും വള്ളങ്ങൾ അണിനിരക്കുന്നത്. ഫൈബർ വള്ളങ്ങളാണെന്നുമാത്രം. 

boat race in ral al khaimah
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Sep 9, 2019, 9:27 AM IST

റാസല്‍ഖൈമ: വള്ളംകളിക്ക് ഒരുങ്ങുകയാണ് റാസൽഖൈമ ക്രീക്ക്. കേരളസർക്കാരുമായി സഹകരിച്ചു കൊണ്ടാണ് റാസൽഖൈമ ഇന്റർനാഷണൽ മറൈൻ സ്പോർട്‌സ് ക്ലബ്ബ് നെഹ്റുട്രോഫി വള്ളംകളി സംഘടിപ്പിക്കുന്നത്.

മലയാളത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും കടല്‍കടത്തിയ ഗള്‍ഫ് പ്രവാസികള്‍ ഒടുവില്‍ നെഹ്റുട്രോഫിയേയും ഇങ്ങെടുത്തു. കുട്ടനാട്ടിന്റെ താളം ഇനി റാസല്‍ഖൈമയിലെ ഓളപ്പരപ്പില്‍ മുഴങ്ങും. വള്ളംകളിക്കുള്ള അവസാനവട്ടപരിശീലനത്തിലാണ് വിവിധദേശക്കാര്‍. മലയാളികൾ മാത്രമല്ല  അറബ് വംശജർ, യൂറോപ്യന്‍ പൗരന്മാർ അങ്ങനെ പല രാജ്യക്കാരുണ്ട് തുഴയെറിയാൻ. കേരള സർക്കാറുമായി സഹകരിച്ചു കൊണ്ട് റാസൽഖൈമ ഇന്റർനാഷണൽ മറൈൻ സ്പോർട്‌സ് ക്ലബ്ബ് ആണ് വള്ളംകളി നടത്തുന്നത്.

യുഎഇയിലെ ഏഴു എമിറേറ്റുകളെയും ഓരോ കരകളായി തിരിച്ചാണ് മത്സരം. പായിപ്പാട് ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ശ്രീഗണേഷ് അങ്ങനെ നമ്മുടെ അഭിമാനമായ ചുണ്ടൻ വള്ളങ്ങളുടെ പേരിലായിരിക്കും വള്ളങ്ങൾ അണിനിരക്കുന്നത്. ഫൈബർ വള്ളങ്ങളാണെന്നുമാത്രം. നെഹ്റുട്രോഫി വള്ളംകളിയില്‍ ആകൃഷ്ടരായ റാസൽഖൈമ ഇന്റർനാഷണൽ മറൈൻ സ്പോർട്‌സ് ക്ലബ്ബ്  അധികൃതര്‍ കഴിഞ്ഞമാസം കേരളത്തിലെത്തി മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.. നെഹ്റു ട്രോഫിയുടെ ഖ്യാതി കടൽ കടക്കുന്നതിൽ കേരള സർക്കാരിന് പൂർണസന്തോഷമെന്നായിരുന്നു മറുപടി. അടുത്തവർഷം കൂടുതൽ മികവോടെ നെഹ്‌റു ട്രോഫി വള്ളംകളി സംഘടിപ്പിക്കാനാണ് യു.എ.ഇ.യുടെ പദ്ധതി. അതിനായി നമ്മുടെ നാട്ടിലെ വള്ളങ്ങൾ അതേ മാതൃകയിൽ യുഎഇയിൽ നിർമിക്കും. 

വെള്ളി, ശനി ദിവസങ്ങളിൽ പകല്‍ മുഴുവനും, മറ്റ് ദിവസങ്ങളിൽ ജോലിത്തിരക്കിനു ശേഷം വൈകുന്നേരവും രാത്രിയിലുമാണ് പരിശീലനം. ഓളങ്ങളെ വകഞ്ഞു മാറ്റി പരിശീലനം നേടുകയാണ് മത്സരാര്‍ത്ഥികള്‍. ഈമാസം 13ന് നടക്കുന്ന വള്ളംകളിയിൽ യുഎഇയിലുള്ളവർക്ക് പങ്കെടുക്കാം. പ്രവാസിസംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ടീമുകളെ നിയോഗിക്കാം. അങ്ങനെ ഇത്തവണത്തെ പ്രവാസ ഓണം അവിസ്മരണീയമാക്കാന്‍ ഗള്‍ഫ് മലയാളികള്‍ക്ക് മറ്റൊരു കാരണംകൂടിയായി. 

Follow Us:
Download App:
  • android
  • ios