റിയാദ്: ദിവസങ്ങൾക്ക് മുമ്പ് ജിസാനിൽ മരിച്ച സാമൂഹിക പ്രവർത്തകനും ഗൂഡല്ലൂർ ചെമ്പാല സ്വദേശിയുമായ 28 വയസുകാരൻ മുർഷിദിന്റെ മൃതദേഹം ഖബറടക്കി. ജിസാനിൽ അൽനദ ഡയറി കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പ് ജോലി ചെയ്യുന്ന കമ്പനിയുടെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 

അവിവാഹിതനായ മുർഷിദ് ഉടനെ നാട്ടിലെത്തി വിവാഹം കഴിക്കാനുമുള്ള ഒരുക്കത്തിനിടെയാണ് മരിച്ചത്. തികഞ്ഞ മതഭക്തനും മിതഭാഷിയുമായിരുന്ന ഇദ്ദേഹം ജിസാനിൽ സാമൂഹിക, സേവനരംഗത്ത് സജീവമായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. 

ജിസാനിലെ മഗരിയ്യ മഖ്ബറയിൽ നടന്ന ഖബറടക്ക ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. അന്ത്യകർമങ്ങൾക്ക് കുഞ്ഞിക്കോയ തങ്ങൾ, അഫ്സൽ സഖാഫി, ഇസ്ഹാഖ് ഇബ്രാഹീം, സിറാജ് കുറ്റ്യാടി, ഹാരിസ് കല്ലായി, ജലീൽ വാഴയൂർ എന്നിവർ നേതൃത്വം നൽകി.